
ടെഹ്റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. നേരത്തേ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖമനയിയെ വധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇറാൻ അധികൃതർ ഇത്തരം വാദങ്ങൾ തള്ളുകയായിരുന്നു. എന്നാൽ, പിന്നീട് ഇറാൻ ഭരണകൂടം ഖമനയിയുടെ മരണവാർത്ത ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ നടന്ന ആക്രമണത്തിലാണ് സംഭവം ഉണ്ടായതെന്നാണ് വിവരം. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണം ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഖമനയി കൊല്ലപ്പെട്ടുവെന്നും ഡ്രോൺ അല്ലെങ്കിൽ യുദ്ധവിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
35 വർഷത്തിലേറെയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനയി പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന നേതാക്കളിൽ ഒരാളാണ്. 1939ലാണ് അയത്തുള്ള അലി ഖമനേയി ജനിക്കുന്നത്. ഷിയ മുസ്ലിം വിഭാഗത്തിൻറെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമായ മഷാദിലായിരുന്നു ജനനം. ഖുമിലെ സെമിനാരിയിൽ നിന്ന് മതപഠനം നേടിയ ഖമനയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ, അത്തരത്തിൽ ജനപ്രീതി നേടിയ നേതാവാണ്.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ അയത്തുള്ള റൂഹുള്ള ഖൊമെയ്നിയുടെ അടുത്ത അനുയായിയായിരുന്നു ഖമനയി. 1981ൽ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായ അദ്ദേഹം 1989ൽ പരമോന്നത നേതാവായി ചുമതലയേറ്റു. തുടർന്ന് സൈന്യം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ എന്നിവയിൽ ശക്തമായ സ്വാധീനം നേടിയതായും റിപ്പോർട്ടുകളുണ്ട്.
പ്രാദേശിക തലത്തിൽ ‘നിഴൽ യുദ്ധങ്ങൾ’ നയിച്ച തന്ത്രജ്ഞനായാണ് ഖമനയിയെ വിലയിരുത്തുന്നത്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികൾ, ഇറാഖ്–സിറിയ മേഖലകളിലെ വിവിധ സായുധ സംഘങ്ങൾ എന്നിവയ്ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നൽകിയതായി ആരോപണങ്ങളുണ്ട്. നേരിട്ടുള്ള യുദ്ധങ്ങളിൽ നിന്ന് മാറിനിന്നെങ്കിലും അമേരിക്ക, ഇസ്രയേൽ, സൗദി അറേബ്യ എന്നിവയെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.











