
ടെഹ്റാൻ: ഇറാൻ ഭരണകൂടവുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും ഇറാനെ ആക്രമിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ച യുവാവ് ജീവനൊടുക്കിയതായി റിപ്പോർട്ടുകൾ. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പൗരിയ ഹമീദി എന്ന യുവാവാണ് മരിച്ചത്. ഇറാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇംഗ്ലീഷിൽ റെക്കോർഡ് ചെയ്ത പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഈ വാരാന്ത്യത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായെന്ന് പറയപ്പെടുന്ന അടിച്ചമർത്തലുകളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാനാണ് വീഡിയോയിലൂടെ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭരണകൂടത്തിനെതിരെ വിദേശ ഇടപെടൽ അനിവാര്യമാണെന്ന നിലപാടും വീഡിയോയിൽ ഹമീദി മുന്നോട്ടുവെച്ചിരുന്നു. "അമേരിക്ക ഇറാനെ ആക്രമിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ ഏക പ്രതീക്ഷ," പൗരിയ ഹമീദി പറഞ്ഞു. "ഞങ്ങൾക്ക് ഈ ഭരണകൂടത്തോട് ഒറ്റയ്ക്ക് പോരാടാൻ കഴിയില്ല. ഞങ്ങളുടെ ജനങ്ങൾക്ക് വിദേശ ഇടപെടൽ ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോയിൽ, പ്രതിഷേധങ്ങൾ അടിച്ചമർത്തുന്ന നടപടികളിൽ വൻതോതിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഈ ആരോപണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹമീദി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തരം അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വീഡിയോയുടെ തുടക്കത്തിൽ തന്നെ, സന്ദേശം പൊതുജനം കാണുമ്പോഴേക്കും താൻ ജീവനോടെ ഉണ്ടാകില്ലെന്ന സൂചനയും ഹമീദി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.










