12:11am 05 July 2026
NEWS
ടെഹ്റാനിൽ ഖമനേയിക്ക് അന്ത്യാഞ്ജലി; വികാരനിർഭര ദൃശ്യങ്ങൾ പുറത്ത്
04/07/2026  08:42 AM IST
nila
ടെഹ്റാനിൽ ഖമനേയിക്ക് അന്ത്യാഞ്ജലി; വികാരനിർഭര ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് രാജ്യം കണ്ണീരോടെ വിടനൽകുന്നു. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ രാജ്യത്തെ ഉന്നത നേതാക്കൾ ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഖമനേയിയുടെ ഭൗതികദേഹത്തിന് മുന്നിൽ വികാരാധീനരായി പൊട്ടിക്കരയുന്ന നേതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് കണ്ണീർ നിയന്ത്രിക്കാനാകാത്ത നിമിഷങ്ങളാണ് ചടങ്ങിൽ കണ്ടത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, ജുഡീഷ്യറി മേധാവി ഘോലാം ഹൊസൈൻ മൊഹ്‌സെനി എജെയി, എക്സ്പെഡൻസി കൗൺസിൽ ചെയർമാൻ ആയത്തുള്ള സാദിഖ് അമോലി ലാരിജാനി തുടങ്ങിയവർ ഖമനേയിക്ക് അന്തിമോപചാരം അർപ്പിച്ചു.

ശനിയാഴ്ച ആരംഭിച്ച ചടങ്ങുകൾ അഞ്ച് ദിവസം നീണ്ടുനിൽക്കും. രണ്ട് കോടിയിലധികം പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതരുടെ പ്രതീക്ഷ. തിങ്കളാഴ്ച ടെഹ്റാൻ നഗരത്തിലൂടെ വിലാപയാത്ര സംഘടിപ്പിക്കും. അതുവരെ ഖമനേയിയുടെ ഭൗതികദേഹം ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് ഖമനേയിയുടെ ഭൗതികദേഹം ഖോം, ബാഗ്ദാദ്, കർബല, നജഫ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോകും. ജൂലൈ 9-ന് വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസാ ആരാധനാലയത്തിൽ ഔദ്യോഗിക ഖബറടക്കം നടക്കും. ഖമനേയിയുടെ ജന്മനാടും മഷ്ഹദാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img