
അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ 'ഫത്വ' പുറപ്പെടുവിച്ച് ഇറാനിലെ മുസ്ലീം പുരോഹിതൻ. ഇറാനിലെ ഉന്നത ഷിയാ പുരോഹിതനായ അയത്തുള്ള നാസർ മകാരെം ഷിറാസിയാണ് മതവിധി പുറപ്പെടുവിച്ചത്.
ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന ട്രംപിനെയും നെതന്യാഹുവിനെയും താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നാണ് അയത്തുള്ള നാസർ മകാരെം ഷിറാസി ആഹ്വാനം ചെയ്തിരിക്കുന്നത്.
നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ 'മുഹറിബ്' ആയി കണക്കാക്കപ്പെടുമെന്ന് മകാരെം ഷിറാസി വിധിയിൽ പറഞ്ഞു. ഇറാനിയൻ നിയമമനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് 'മുഹറിബ്'. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാ്കകണമെന്നാണ് വിശ്വാസം.
ഈ ശത്രുക്കളുമായി മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുകയോ പിന്തുണ നൽകുകയോ ചെയ്യുന്നത് 'ഹറാം' അഥവാ നിഷിദ്ധമാണ്. ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും ഖേദിപ്പിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങൾക്കും കടമയുണ്ടെന്ന് ഫത്വയിൽ കൂട്ടിച്ചേർത്തു.
ഈ പോരാട്ടം തൻറെ മുസ്ലീം കടമകൾ അനുസരിച്ചുള്ളതാണെന്നും പുരോഹിതൻ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതെങ്കിലും മുസ്ലീമിന് കഷ്ടപ്പാടുകളോ നഷ്ടങ്ങളോ സംഭവിക്കുകയാണെങ്കിൽ, ദൈവമാർഗത്തിൽ പോരാടിയവർക്കുള്ള പ്രതിഫലം അവർക്ക് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.











