
ദുബായ്: അമേരിക്കയും ഇസ്രായേലും ഇറാന് മേൽ നടത്തുന്ന സൈനിക നീക്കങ്ങൾ ശക്തമായി തുടരുന്നതിനിടെ, ഇസ്രായേലികളുടെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും രക്തം ചിന്താൻ ആഹ്വാനം ചെയ്ത് മുതിർന്ന ഇറാനിയൻ മതപണ്ഡിതൻ ആയത്തൊള്ള അബ്ദുള്ള ജവാദി അമോലി. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണങ്ങളെ ഇറാൻ പ്രതിരോധിക്കുന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന് ആത്മീയ പിന്തുണയുമായി മതനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.രാജ്യം ഇപ്പോൾ വലിയൊരു പരീക്ഷണ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലെ ഐക്യവും സഖ്യവും പൂർണ്ണമായും നിലനിർത്താൻ ശ്രദ്ധിക്കണമെന്നും ആയത്തൊള്ള ഓർമ്മിപ്പിച്ചു.ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ IRIS Dena അമേരിക്കൻ അന്തർവാഹിനി തകർത്തതോടെയാണ് സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്നത്. ഇതിന് തിരിച്ചടിയായി അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.വ്യോമാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ വ്യോമഗതാഗതവും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിതരണവും വലിയ പ്രതിസന്ധിയിലാണ്. ഇറാൻ നൽകുന്ന ഈ പരസ്യമായ ഭീഷണി മേഖലയിലെ സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.











