
ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് അമേരിക്കക്കെതിരായ തിരിച്ചടി തുടരുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ഇന്നലെ രാത്രി മിസൈലാക്രമണം നടത്തിയത്.
അൽ ഉദൈദ് എയർ ബേസ് ആക്രമണം വിജയമാണെന്ന് ഇറാൻ അവകാശപ്പെട്ടു. ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസിനെ ശിക്ഷിച്ച ശേഷം നയതന്ത്ര ചർച്ച ആരംഭിക്കാമെന്നാണ് ഇറാന്റെ നിലപാട്. ചർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ യുഎസും ഇസ്രയേലും ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
അൽ ഉദൈദ് എയർ ബേസ് ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്. അൽ ഉദൈദ് എയർ ബേസ് മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണ്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരുണ്ട്. ഖത്തർ എയർവേയ്സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമതാവളങ്ങളിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തേ നിർദേശമുണ്ടായിരുന്നു.











