
ടെഹ്റാൻ: അമേരിക്ക വീണ്ടും സൈനിക ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി.
അതേസമയം, ആഗോള എണ്ണക്കടത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അന്തിമഘട്ടത്തിലെത്തി. പേർഷ്യൻ ഉൾക്കടലിലേക്ക് പ്രവേശിക്കുന്ന കപ്പൽപാതയുടെ നിയന്ത്രണം ഇറാനും പുറത്തേക്കുള്ള പാതയുടെ നിയന്ത്രണം ഒമാനും ഏറ്റെടുക്കുന്ന ധാരണയിലേക്കാണ് ഇരുരാജ്യങ്ങളും നീങ്ങുന്നത്. കരാർ ഉടൻ നിലവിൽ വരുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.
ഹോർമുസ് കരാർ യാഥാർഥ്യമായാൽ ജൂൺ 17-ന് നിലവിൽ വന്ന ഇറാൻ–അമേരിക്ക വെടിനിർത്തൽ കരാർ വീണ്ടും ശക്തിപ്പെടുകയും അഞ്ച് മാസമായി പശ്ചിമേഷ്യയെ അസ്ഥിരമാക്കിയ സംഘർഷത്തിന് ആശ്വാസമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ചർച്ചകൾ മുന്നേറുന്നതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി അറിയിച്ചു. വിഷയത്തിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പങ്കിനെക്കുറിച്ചുള്ള അമേരിക്കയുടെ കടുത്ത നിലപാടിൽ ഇളവ് വന്നതായി സൂചനകളുണ്ടെങ്കിലും ചില നിർണായക വിഷയങ്ങളിൽ അന്തിമ തീരുമാനമാകാനുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനിടെ, ചെങ്കടലിൽ സൗദി അറേബ്യയുടെ 'വഫ' എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അനുകൂല ഹൂതി വിമതർ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം സ്ഫോടനത്തിൽ തകർന്ന ഇന്ത്യൻ ചരക്കുകപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരടക്കമുള്ള നാവികരെ യെമൻ തീരസേന രക്ഷപ്പെടുത്തിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ചാണ് കപ്പൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ബാബുൽ മൻദിബ് കടലിടുക്കിലൂടെ സൗദിയിലേക്കുള്ള കപ്പൽഗതാഗതത്തിനെതിരെ ഹൂതികൾ ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്.











