
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം നടന്നു. ബുഷെഹർ ആണവനിലയത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനും ആക്രമണത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ മറുപടിയായി ഇറാനിലെ പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഇറാന്റെ നയം 'കണ്ണിന് കണ്ണ്' എന്നതാണെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കിയുള്ള ഏത് ആക്രമണത്തിനും അതേ രീതിയിൽ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ഏറ്റവും പുതിയ ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഇറാഖ് അതിർത്തി പ്രദേശമായ ശലാംഷേയിൽ വൻ സ്ഫോടനം ഉണ്ടായതായി ഇറാൻ അറിയിച്ചു. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പ് അവഗണിച്ച് മൂന്ന് കപ്പലുകൾ സഞ്ചരിക്കാൻ ശ്രമിച്ചതായും, അതിൽ ഒരു കപ്പലിൽ സ്ഫോടനം ഉണ്ടായപ്പോൾ ശേഷിച്ച രണ്ട് കപ്പലുകൾ പിൻവാങ്ങിയെന്നും ഇറാൻ അവകാശപ്പെട്ടു.
അതേസമയം, അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ജോർദാൻ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം വ്യാപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ബാബ് അൽ മന്ദബ് കടലിടുക്കിലെ ഉപരോധം മറികടക്കാൻ ശ്രമിച്ച സൗദി അറേബ്യയുടെ 'എൻസെലിയ'യും 'ലൈല'യും എന്ന രണ്ട് കപ്പലുകളെ ആക്രമിച്ചതായി ഹൂത്തി വിമതരും അവകാശപ്പെട്ടു.
"ഞങ്ങൾക്ക് എണ്ണ കയറ്റുമതി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മറ്റാർക്കും അതിന് കഴിയില്ല" എന്ന മുന്നറിയിപ്പും ഇറാൻ ആവർത്തിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ അതിന്റെ തിരിച്ചടി മേഖലയിലെ മറ്റ് രാജ്യങ്ങളെയും ബാധിക്കുമെന്നും, വൈദ്യുതി ഉൾപ്പെടെയുള്ള സുപ്രധാന സംവിധാനങ്ങൾ ലക്ഷ്യമാകാമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.










