
വാഷിംഗ്ടൺ/ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിൽ മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകളിൽ പെട്ടെന്നൊരു വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചില പ്രധാന വിഷയങ്ങളിലെ വിയോജിപ്പുകൾ നിലനിൽക്കുന്നതിനാൽ കരാറിലെത്താൻ ധൃതി കൂട്ടേണ്ടതില്ലെന്ന് ട്രംപ് തന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
ഒരു ഔദ്യോഗിക കരാറിലെത്തി അത് ഒപ്പുവെക്കുന്നത് വരെ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾക്ക് മേൽ ഏർപ്പെടുത്തിയ യുഎസ് നാവിക ഉപരോധം പൂർണ്ണമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാത തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായതായി കഴിഞ്ഞ ദിവസം സൂചനകളുണ്ടായിരുന്നെങ്കിലും, ചില സുപ്രധാന ആവശ്യങ്ങളിൽ അമേരിക്ക തടസ്സം നിൽക്കുകയാണെന്ന് ഇറാന്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ വിദേശ ആസ്തികൾ വിട്ടുനൽകണമെന്ന ഇറാന്റെ ആവശ്യത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇറാന്റെ ആണവപദ്ധതികൾ, ലെബനനിലെ ഇസ്രായേൽ യുദ്ധം, ഉപരോധങ്ങൾ നീക്കൽ എന്നിവയിലും ഇരുപക്ഷവും തമ്മിൽ ഭിന്നത തുടരുകയാണ്.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ 'തത്വത്തിൽ' സമ്മതിച്ചിട്ടുണ്ടെന്നും ഇതിന് പകരമായി യുഎസ് നാവിക ഉപരോധം പിൻവലിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഈ ചർച്ചകളുടെ പൊതുരൂപത്തിന് അംഗീകാരം നൽകിയതായും യുഎസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അമേരിക്ക ഒരു മോശം കരാറിലും ഒപ്പുവെക്കില്ലെന്നും, ചർച്ചകൾ പരാജയപ്പെട്ടാൽ മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
യുദ്ധം മൂലം ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. എന്നാൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്തകളെത്തുടർന്ന് ജപ്പാൻ ഓഹരി വിപണി ചരിത്രത്തിലാദ്യമായി 65,000 പോയിന്റ് കടന്നു. യുദ്ധം അവസാനിപ്പിക്കാനായി ഖത്തറും പാകിസ്താനും നടത്തുന്ന സംയുക്ത നയതന്ത്ര നീക്കങ്ങൾ മേഖലയിൽ സജീവമായി തുടരുകയാണ്.











