05:46pm 26 April 2026
NEWS
ഇറാൻ യുദ്ധം ഇന്ത്യൻ മരുന്ന് നിർമ്മാണ മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു
26/04/2026  01:19 PM IST
nila
ഇറാൻ യുദ്ധം ഇന്ത്യൻ മരുന്ന് നിർമ്മാണ മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ ഇന്ത്യയിലെ ആരോഗ്യരംഗം പുതിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അമോണിയം, ഹീലിയം പോലുള്ള നിർണായക വാതകങ്ങളുടെ ഇറക്കുമതി തടസ്സപ്പെട്ടതിനെ തുടർന്ന് മരുന്ന് നിർമാണവും എംആർഐ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനവും വലിയ പ്രതിസന്ധി നേരിടുന്നു എന്നാണ് റിപ്പോർട്ട്. 

ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം ഈ വാതകങ്ങളുടെ വിതരണ ശൃംഖല തകരാറിലായതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. നിലവിൽ ഹീലിയത്തിനും അമോണിയത്തിനും ഇന്ത്യ വിദേശ രാജ്യങ്ങളെ പൂർണമായും ആശ്രയിക്കുന്നതിനാൽ, ഇറക്കുമതി നിലച്ചത് വലിയ ആഘാതമുണ്ടാക്കി.

ഇതിനിടെ, താൽക്കാലിക പരിഹാരമായി ആഭ്യന്തരമായി ലഭ്യമായ ശേഖരങ്ങൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾക്കും വിതരണം ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ടു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തോടും രാസവള വകുപ്പിനോടും ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ഇതിനായി ഇടപെടൽ തേടിയിട്ടുണ്ട്.

എംആർഐ മെഷീനുകളുടെ പ്രവർത്തനത്തിൽ ഹീലിയം നിർണായക ഘടകമാണ്. ദ്രാവക രൂപത്തിലുള്ള ഹീലിയം ഉപയോഗിച്ചാണ് ഈ യന്ത്രങ്ങളുടെ ഉള്ളിലെ കാന്തങ്ങളെ -269°C പോലുള്ള അത്യന്തം കുറഞ്ഞ താപനിലയിൽ നിലനിർത്തുന്നത്. രാജ്യത്ത് ഇപ്പോഴും ഉപയോഗത്തിലുള്ള നിരവധി എംആർഐ മെഷീനുകൾ പഴയ സാങ്കേതികവിദ്യയിലുള്ളതിനാൽ, ഓരോ വർഷവും ഏകദേശം 600 ലിറ്റർ വരെ ഹീലിയം റീഫിൽ ആവശ്യമാണ്.

ഈ സാഹചര്യത്തിൽ ഹീലിയത്തിന്റെ ക്ഷാമം വർധിക്കുന്നത്, രോഗനിർണയ സേവനങ്ങളെ തന്നെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. നിലവിൽ ഹീലിയത്തിനായി ഇന്ത്യ പ്രധാനമായും ഖത്തറിനെ ആശ്രയിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്ന ഘടകമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img