07:28am 31 August 2026
NEWS
യുദ്ധം ആറുമാസം പിന്നിട്ടു; തകർന്ന സമ്പദ്‌വ്യവസ്ഥ, കുതിച്ചുയർന്ന് പണപ്പെരുപ്പം; ഇറാനിൽ ജനജീവിതം പ്രതിസന്ധിയിൽ
29/08/2026  07:54 PM IST
nila
യുദ്ധം ആറുമാസം പിന്നിട്ടു; തകർന്ന സമ്പദ്‌വ്യവസ്ഥ, കുതിച്ചുയർന്ന് പണപ്പെരുപ്പം; ഇറാനിൽ ജനജീവിതം പ്രതിസന്ധിയിൽ

ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി രാജ്യം. യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന പലരുടെയും നിലപാട് മാറിയെന്നാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തെ മാറ്റുന്നതിലുപരി എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് സാധാരണ ജനങ്ങളുടെ പ്രധാന ആശങ്കയായി മാറിയിരിക്കുന്നത്.

യുദ്ധത്തിന്റെ പ്രത്യാഘാതം ഇറാനിലെ സാധാരണക്കാരുടെ ജീവിതച്ചെലവിൽ വലിയ വർധനവാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനമായി ഉയർന്നതായി ഇറാന്റെ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യവും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് ഏകദേശം 20 ലക്ഷം റിയാൽ എന്ന നിലയിലാണ് കറൻസി വ്യാപാരം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

റിയാലിന്റെ മൂല്യം ഇടിഞ്ഞതോടെ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ വില കുത്തനെ ഉയർന്നു. മുട്ട ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഓരോ ആഴ്ചയും വർധിക്കുകയാണ്. ചെറുപയർ, കടല തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇടത്തരം കുടുംബങ്ങൾക്കുപോലും അവശ്യസാധനങ്ങൾ വാങ്ങുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

ഭാവിയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിൽ ചിലർ പാകിസ്താനിൽനിന്ന് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വലിയ തോതിൽ വാങ്ങി സൂക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ധന സബ്സിഡി പിൻവലിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ പെട്രോൾ പമ്പുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുമോ?

യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനേയി പരമോന്നത നേതൃസ്ഥാനത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഭരണകൂടം കൂടുതൽ കടുത്ത നിലപാടുകളിലേക്ക് നീങ്ങിയതായും വിമർശകരെ ലക്ഷ്യമിട്ട് നടപടികൾ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ തടവുകാരെ വധിച്ചതായും സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

കറൻസിയുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം നടന്നിരുന്നു. സർക്കാർ ഈ പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമർത്തുകയായിരുന്നു. റിയാലിന്റെ മൂല്യം വീണ്ടും ഇടിയുന്ന സാഹചര്യത്തിൽ സമാനമായ ജനകീയ പ്രക്ഷോഭം വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണത്തിന് പിന്നിൽ ആണവായുധ നിർമാണം തടയുക, ഇറാനിലെ ഭരണകൂടത്തിന് മാറ്റം വരുത്തുക, രാജ്യത്തിന്റെ മിസൈൽ പദ്ധതിയെ തകർക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചിരുന്നത്. എന്നാൽ ആറുമാസം പിന്നിടുമ്പോഴും ഈ ലക്ഷ്യങ്ങൾ നിർണായകമായി കൈവരിക്കാനായിട്ടില്ലെന്നാണ് വിലയിരുത്തൽ.

ഇറാന്റെ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, പെട്രോകെമിക്കൽ സ്ഥാപനങ്ങൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ആക്രമണങ്ങളിൽ ലക്ഷ്യമിട്ടിരുന്നു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന തരത്തിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളും ഇതിനിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

അതേസമയം, ലോകത്തിലെ പ്രധാന എണ്ണക്കപ്പൽ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഉപരോധം മറികടക്കുന്നതിനായി അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾ ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ തിരിച്ചടിയായതായാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന് സമ്മർദം

പണപ്പെരുപ്പവും തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, യുദ്ധം അവസാനിക്കാതെ സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ആറുമാസം പിന്നിട്ടിട്ടും യുദ്ധത്തിന് വ്യക്തമായ വിജയിയോ പരാജിതനോ ഇല്ലെന്ന വിലയിരുത്തലുകൾക്കിടയിലും അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ഇറാനിലെ സാധാരണ ജനങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img