11:04am 28 October 2026
NEWS
സമാധാന ചർച്ചകൾക്കായി ഇറാൻ സംഘം ഇസ്ലാമാബാദിലെത്തി
11/04/2026  06:51 AM IST
nila
സമാധാന ചർച്ചകൾക്കായി ഇറാൻ സംഘം ഇസ്ലാമാബാദിലെത്തി

ഇസ്ലാമാബാദ്: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് സജ്ജമാകുന്നു. ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘം വെള്ളിയാഴ്ച അർധരാത്രിയോടെ ഇസ്ലാമാബാദിലെത്തി. “ഇസ്ലാമാബാദ് ചർച്ചകൾ” എന്ന പേരിൽ നടക്കുന്ന ഈ സംവാദങ്ങളിൽ പങ്കെടുക്കാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നയിക്കുന്ന യുഎസ് സംഘവും ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക രംഗങ്ങളിലെ പ്രധാന വ്യക്തിത്വങ്ങൾ ഉൾപ്പെട്ട സംഘമാണ് ഇസ്ലാമാബാദിൽ എത്തിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, ഡിഫൻസ് കൗൺസിൽ സെക്രട്ടറി അലി അക്ബർ അഹ്മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹെമ്മതി എന്നിവർക്ക് പുറമെ മറ്റ് പ്രമുഖരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജെ.ഡി വാൻസ് നയിക്കുന്ന അമേരിക്കൻ സംഘത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ എന്നിവരാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് സ്ഥിരപരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ ആരംഭിക്കുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ കർശന നിബന്ധനകളും പരസ്പര അവിശ്വാസവും ചർച്ചകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img