08:46pm 09 September 2026
NEWS
ഗൾഫ് മേഖലയിൽ സംഘർഷം കനക്കുന്നു; കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
09/09/2026  08:02 PM IST
nila
ഗൾഫ് മേഖലയിൽ സംഘർഷം കനക്കുന്നു; കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ കടൽപാതകളും ആശങ്കയുടെ നിഴലിൽ. വടക്കൻ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും ഉൾപ്പെടെ നിരവധി കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ പല കപ്പലുകൾക്കും തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച 20 കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. രണ്ട് യുഎസ് കപ്പലുകൾ, എട്ട് എണ്ണ ടാങ്കറുകൾ, മറ്റ് പത്ത് കപ്പലുകൾ എന്നിവ ആക്രമിച്ചതായാണ് ഇറാന്റെ അവകാശവാദം.

അതേസമയം, ദുബായ് തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ജിബ്രാൾട്ടർ പതാകയുള്ള ‘ഹെർക്കുലീസ് സ്റ്റാർ’ എന്ന ടാങ്കറിലെ ജീവനക്കാരനാണ് മരിച്ചത്. മറ്റൊരാളെ കാണാതായതായും ഷിപ്പിങ് കമ്പനിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ദുബായ് റാഷിദ് തുറമുഖത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞതായും റിപ്പോർട്ടുണ്ട്.

ബുധനാഴ്ച വടക്കൻ അറബിക്കടലിലും ഒമാൻ ഉൾക്കടലിലുമായി നിരവധി കപ്പലുകൾ ആക്രമിക്കപ്പെട്ടതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ശക്തമായി.

യുഎസ് ആക്രമണത്തിന് പിന്നാലെ തിരിച്ചടി?

ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങളുണ്ടായതെന്നാണ് ഇറാന്റെ അവകാശവാദം. കുവൈത്തിനും ബഹ്‌റൈനും സമീപമുള്ള എണ്ണ ടാങ്കറുകളെയും ആക്രമിക്കുമെന്ന് ഇറാൻ സൈന്യം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ, ഇറാനിയൻ ക്രൂഡ് ഓയിൽ വഹിച്ചിരുന്ന അഞ്ച് കപ്പലുകൾ സെപ്റ്റംബർ എട്ടിന് തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രണ്ട് തവണ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം.

ഇറാന്റെ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആക്രമണങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സൈന്യം അറിയിച്ചു.

ഗൾഫ് മേഖലയിലെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ആഗോള എണ്ണവിപണിയിലും കപ്പൽ ഗതാഗതത്തിലും ആശങ്ക ഉയർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img