
ഇറാൻ വെടിനിർത്തലിന് സമ്മതിച്ചതോടെ ലോകമഹായുദ്ധമെന്ന വലിയ ഭീതിയിൽ നിന്നും ലോകം മുക്തമായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച കനത്ത ആക്രമണ ഭീഷണിയുടെ അവസാന മണിക്കൂറുകളിലാണ് ചർച്ചകൾ അനുകൂലമായി മാറിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ, ചർച്ചകളിൽ നിർണായക പങ്കുവഹിച്ചത് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയി ആണെന്ന വിവരമാണ് പുറത്തുവരുന്നത്.
അമേരിക്കൻ - ഇസ്രയേൽ ആക്രമണത്തിൽ മൊജ്താബ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തു എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പരമോന്ന നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മൊജ്താബ പൊതുഇടങ്ങളിൽ എത്തിയിരുന്നില്ല. ഇതും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ, മൊജ്താബയുടെ മരണവാർത്തകൾ തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ചതുമുതൽ തന്നെ സമാധാന സാധ്യതകൾ അന്വേഷിച്ച് പദ്ധതികൾ തയ്യാറാക്കിയിരുന്നതും മൊജ്തബയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാഴ്ച നീളുന്ന വെടിനിർത്തൽ കാലയളവിൽ പരമാവധി കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടത്തുകയെന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇത് മൊജ്തബയുടെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.
അതേസമയം, ഇറാൻ–അമേരിക്ക സംഘർഷത്തിന് താത്കാലിക വിരാമം വന്ന സാഹചര്യത്തിലും ഇറാനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിൽ തുടരുന്നവർ എത്രയും വേഗം രാജ്യം വിടണമെന്നും എംബസിയുമായി ബന്ധപ്പെട്ടു നിർദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. എംബസിയുടെ അനുമതിയില്ലാതെ രാജ്യാന്തര അതിർത്തികൾ കടക്കരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
മുൻപ് ആക്രമണ സാധ്യതകൾ ഉയർന്ന സാഹചര്യത്തിൽ 48 മണിക്കൂർ സുരക്ഷിത ഇടങ്ങളിൽ തുടരാനും അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ജാഗ്രത തുടർന്നുകൊണ്ടിരിക്കുകയാണ്.











