
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ സൈനികശേഷി പ്രദർശിപ്പിച്ച് ഇറാൻ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
ഐആർജിസിയുമായി അടുത്ത ബന്ധമുള്ള തസ്‌നീം വാർത്താ ഏജൻസി ചൊവ്വാഴ്ചയാണ് പുതിയ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചത്. ഇസ്ലാമിക് ഗാർഡിന്റെ എയറോസ്‌പേസ് വാരാചരണത്തിന്റെ ഭാഗമായാണ് കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ അലി അബ്ദൊല്ലാഹി, ഐആർജിസി എയറോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
മിസൈലുകളുടെയും ഡ്രോണുകളുടെയും ഉൽപ്പാദന സംവിധാനങ്ങൾ ഭൂമിക്കടിയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഇറാൻ വ്യക്തമാക്കി. പുതിയ മിസൈൽ നഗരങ്ങൾ ആയുധങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാലകൾ മാത്രമല്ലെന്നും അവ മിസൈൽ നിർമാണ കേന്ദ്രങ്ങളായി കൂടി പ്രവർത്തിക്കുന്നുണ്ടെന്നും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബിയും കമാൻഡർ മജീദ് മൂസവിയും അറിയിച്ചു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ മിസൈൽ ശേഷി കുറഞ്ഞതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നീക്കം. നേരത്തെ 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടായിരുന്നുവെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ആക്രമണങ്ങൾക്ക് ശേഷം ഈ സംഖ്യ 2,000-ൽ താഴെയായെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രാജ്യത്തെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 90 ശതമാനത്തോളവും പൂർണമായോ ഭാഗികമായോ പ്രവർത്തനക്ഷമമാണെന്നാണ് പുറത്തുവരുന്ന വിവരം. മിസൈൽ, ഡ്രോൺ ലോഞ്ചറുകളിൽ 60 ശതമാനത്തോളം കേടുപാടുകളില്ലാതെ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയുടെ ഉപരോധവും നാവിക ഉപരോധവും തുടരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ശക്തമാണെന്ന് വ്യക്തമാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ആവശ്യമെങ്കിൽ മേഖലയിലും അതിനപ്പുറത്തുമുള്ള ശത്രു കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാന് ശേഷിയുണ്ടെന്ന് ഐആർജിസി കമാൻഡർ മജീദ് മൂസവി മുന്നറിയിപ്പ് നൽകി. പുതിയ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതും അമേരിക്കയ്ക്കുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.










