
ടെഹ്റാൻ: ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ, ഗൾഫ് രാജ്യങ്ങളുമായി സംഭാഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരം മാനിക്കുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ സ്വീകരിച്ച നടപടികൾ അനിവാര്യമായിരുന്നുവെന്നും ഇറാൻ വ്യക്തമാക്കി. മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു.
അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ നടന്ന ഫോൺസംഭാഷണത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പ്രകടമായി. ഖത്തറിനെ ലക്ഷ്യമിട്ട ആക്രമണമല്ലെന്ന ഇറാന്റെ വിശദീകരണം ഖത്തർ തള്ളുകയും, ജനങ്ങൾക്കെതിരായ ആക്രമണമുണ്ടായതായും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണെന്നും പ്രതികരിക്കുകയും ചെയ്തു. മേഖലയിൽ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവും ഖത്തർ ഉന്നയിച്ചു.
ഇതിനിടെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളുമായും ഇറാൻ സമവായ ശ്രമങ്ങൾ നടത്തുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ, ദിവസങ്ങളായി മേഖല അസ്ഥിരാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിലാണ് സംഭാഷണ സാധ്യതകൾക്കുള്ള സൂചനകൾ ഉയർന്നിരിക്കുന്നത്.











