12:31pm 17 April 2026
NEWS
ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു; ഇറാനിൽ യുവതിക്ക് വധശിക്ഷ വിധിച്ചു
16/04/2026  10:42 AM IST
nila
ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു; ഇറാനിൽ യുവതിക്ക് വധശിക്ഷ വിധിച്ചു

ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ഇറാനിൽ യുവതിക്ക് വധശിക്ഷ വിധിച്ചു. ബിത ഹമേതി എന്ന യുവതിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ആദ്യമായാണ് ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. ബിതയോടൊപ്പം ഭർത്താവ് മുഹമ്മദ്റേസ മജീദ് അസ്ൽ (34), ബെഹ്‌റൂസ്, കുറോഷ് സമാനിനെഷാദ് എന്നിവർക്കും അതേ കേസിൽ വധശിക്ഷ വിധിച്ചു. ബിതയുടെ ബന്ധുവായ അമീർ ഹെമ്മതിക്ക് ആറുവർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

പൊതുമുതൽ നശിപ്പിക്കൽ, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, സുരക്ഷാസേനയെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരുമിച്ചുള്ള വിചാരണയ്ക്ക് ശേഷമാണ് എല്ലാവർക്കും ഒരേ ശിക്ഷ പ്രഖ്യാപിച്ചത്. കോടതി ഉത്തരവനുസരിച്ച് വധശിക്ഷയ്ക്കൊപ്പം പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ, ഭരണകൂട വിരുദ്ധ പ്രചാരണം, ശത്രു ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രാജ്യത്ത് ജനുവരിയിൽ വ്യാപകമായി പടർന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. തലസ്ഥാനമായ ടെഹ്‌റാനിൽ ആരംഭിച്ച പ്രക്ഷോഭങ്ങൾ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു. വ്യാപാരികളുടെ പണിമുടക്കുകൾക്കുശേഷമാണ് ഈ പ്രതിഷേധങ്ങൾ ശക്തമായത്. വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഇറാനിയൻ ഭരണകൂടം ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിനായിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 ഇറാനിൽ വധശിക്ഷ നടപ്പാക്കുന്ന നിരക്ക് ഗണ്യമായി ഉയർന്നിരിക്കുകയാണ്. ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് സംഘടനയുടെ കണക്കുകൾ പ്രകാരം 2025-ൽ മാത്രം 1,639 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയപ്പോൾ, 2024-ൽ ഇത് 975 ആയിരുന്നു. ഏകദേശം 68 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണക്കുകൾ പ്രകാരം രാജ്യത്ത് ദിവസേന ശരാശരി നാലിൽ അധികം വധശിക്ഷകൾ നടപ്പിലാക്കപ്പെടുന്നു. 2008 മുതൽ നിരീക്ഷണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 1989-ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ഖെസൽ ഹെസാർ ജയിലിൽ ഒരു കൗമാരക്കാരനായ സംഗീതജ്ഞനെ വധിച്ചതും അടുത്തിടെ മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img