ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങൾ ചോർത്തിയെന്ന് ഇറാൻ

ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങൾ ചോർത്തിയെന്ന അവകാശവാദവുമയി ഇറാൻ. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് തങ്ങൾ ചോർത്തിയ ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങളെ ഇറാൻ വിശേഷിപ്പിച്ചത്. ചോർത്തിയ രഹസ്യങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് വ്യക്തമാക്കി. സ്റ്റേറ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ഇക്കാര്യത്തിൽ ഇസ്രയേൽ ഇനിയും പ്രതികരിച്ചിട്ടില്ല.
ആണവ നിലയങ്ങളെ കുറിച്ചുള്ളതടക്കം നിർണായകമായ വിവരങ്ങളാണ് തങ്ങൾ ചോർത്തിയതെന്നാണ് ഇസ്മയിൽ ഖത്തീബ് അവകാശപ്പെടുന്നത്. അടുത്തിടെ അറസ്റ്റിലായ ഇസ്രയേൽ പൗരൻമാർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നും ഇറാൻ അവകാശപ്പെടുന്നു. ആണവ പദ്ധതി ആരോപിച്ച് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തൽ.
''ഇറാന്റെ ഇന്റലിജൻസ് ടീമിൽ പെട്ടവർ ഇസ്രയേലിന്റെ തന്ത്രപരമായ വിവരങ്ങൾ നേടിയെടുത്തു. അത് ദൈവത്തിന്റെ സഹായത്തോടെ രാജ്യത്തേക്ക് മാറ്റി. ആയിരക്കണക്കിന് പേജുകളുള്ള രേഖകളാണ് ലഭിച്ചത്. അവ ഉടൻ പരസ്യമാക്കും''- ഖത്തീബ് അവകാശപ്പെട്ടു. യുഎസ്, യൂറോപ്പ്, മറ്റ് രാജ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ഖത്തീബ് പറയുന്നത്.











