
ടെഹ്റാൻ: ഇസ്രയേലിനെതിരെ ആക്രമണ സൂചനയുമായി ഇറാൻ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് ഇസ്രയേലിനെതിരെ ആക്രമണത്തിന് സജ്ജമായെന്ന സൂചന ഇറാൻ സൈന്യം നൽകുന്നത്. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗിനൊപ്പമാണു എക്സിൽ 25 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണു വിഡിയോയിൽ ആദ്യം കാണുക. ലോഞ്ച് ചെയ്യാൻ തയാറായിരിക്കുന്ന മിസൈലിന്റെ ദൃശ്യങ്ങളാണ് അടുത്തതായി കാണിക്കുന്നത്. ശേഷം, ‘ശിക്ഷാനേരം അടുത്തെത്തി’ എന്ന് ഇംഗ്ലിഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. ‘ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
ഇസ്രയേൽ കടന്നുകയറിയ പലസ്തീനിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏപ്രിലിൽ ഇറാൻ നടത്തിയ ആക്രമണമാണ് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’. ഒക്ടോബർ ആദ്യം, ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്2’ന്റെ ഭാഗമായി ഇസ്രയേലിന്റെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ 200 മിസൈലുകൾ വിക്ഷേപിച്ചിരുന്നു.