10:19am 09 August 2026
NEWS
മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരം? ഇറാൻ ഭരണതലപ്പത്ത് ആശങ്ക; രഹസ്യകേന്ദ്രത്തിൽ കഴിയുന്നതായി റിപ്പോർട്ട്
09/08/2026  08:02 AM IST
nila
മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരം? ഇറാൻ ഭരണതലപ്പത്ത് ആശങ്ക; രഹസ്യകേന്ദ്രത്തിൽ കഴിയുന്നതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ ഇറാന്റെ ഭരണതലപ്പത്ത് സജീവമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ ഖമനയി അദ്ദേഹത്തിന്റെ പിൻഗാമിയായി അധികാരത്തിലെത്തിയത്. ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖത്തിന്റെ ആകൃതിയിൽ പോലും മാറ്റമുണ്ടായതായും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

അധികാരമേറ്റ ശേഷം മുജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തിട്ടുമില്ല. ഇസ്രയേൽ ആക്രമണ ഭീഷണി കണക്കിലെടുത്ത് അതീവ സുരക്ഷയുള്ള രഹസ്യകേന്ദ്രത്തിലാണ് അദ്ദേഹം കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനു പകരം ഇടനിലക്കാരുടെ വിപുലമായ ശൃംഖലയിലൂടെയാണ് നിർണായക സന്ദേശങ്ങൾ കൈമാറുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മുജ്തബയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടുത്തിടെ ഔദ്യോഗിക ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മുജ്തബ നിലവിൽ ഇറാനിൽ ഇല്ലെന്ന ഇസ്രയേലി സുരക്ഷാ വൃത്തങ്ങളുടെ അവകാശവാദവും ജൂലൈയിൽ സൗദി മാധ്യമമായ ‘അൽ-ഹദത്’ പുറത്തുവിട്ടിരുന്നു.

അതേസമയം, മുജ്തബ ഖമനയിയുടെ ആരോഗ്യനില സംബന്ധിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഏറ്റ പരുക്കുകൾ ഗുരുതരമല്ലെന്നായിരുന്നു ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ മുജ്തബ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ഇറാൻ ഭരണകൂടം അവകാശപ്പെട്ടിരുന്നു.

ഇതിനിടെ, ഇറാന്റെ ഉന്നത സൈനിക നേതൃത്വം തകർക്കപ്പെട്ടെന്നും വ്യോമാക്രമണത്തിന് പിന്നാലെ അലി ഖമനയി ‘90 ശതമാനവും ഇല്ലാതായ അവസ്ഥയിലായിരുന്നുവെന്നും’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.

മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ശരിയാണോ എന്ന കാര്യത്തിൽ ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img