
ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അവകാശവാദം. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. “ഖമനയി ഇനി ഇല്ലെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാൻ ജനത ‘തെരുവിലിറങ്ങി കാര്യങ്ങൾ പൂർത്തിയാക്കണം’ എന്ന ആഹ്വാനവും അദ്ദേഹം നടത്തി.
ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഖമനയിയുടെ വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് 30 ബോംബുകൾ വർഷിച്ചു. ആക്രമണത്തിന് പിന്നാലെ സമുച്ചയത്തിന് വലിയ നാശനഷ്ടമുണ്ടായതായുള്ള ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. ആക്രമണ സമയത്ത് ഖമനയി ഭൂഗർഭ അറയിൽ ഉണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ അദ്ദേഹം സുരക്ഷിത ബങ്കറിൽ ഉണ്ടായിരുന്നില്ലെന്നതിനാൽ അദ്ദേഹത്തിന്റെ നിലയെക്കുറിച്ച് വ്യക്തതയില്ലെന്ന നിലപാടാണ് ഇസ്രായേൽ മാധ്യമങ്ങൾ സ്വീകരിക്കുന്നത്.
ആക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രി അമീർ നാസിർസാദെയും ഒരു റവല്യൂഷണറി ഗാർഡ് കമാൻഡറും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ ഖമനയിയെ കുറിച്ച് ഐഡിഎഫ് ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പരാമർശമുണ്ടായില്ല. അതേസമയം, ഇറാൻ മാധ്യമങ്ങൾ ഇസ്രായേൽ വാദങ്ങൾ പൂർണമായി നിഷേധിച്ചു. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമമാണിതെന്നും തിരിച്ചടിക്ക് ഖമനയി തന്നെ നേതൃത്വം നൽകുകയാണെന്നും അവർ റിപ്പോർട്ട് ചെയ്തു. ഖമനയി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അൽ-ആലം ടെലിവിഷൻ അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച വൈകിയും പ്രസംഗം സംപ്രേഷണം ചെയ്തിട്ടില്ല.
ഇറാനിലെ ആക്രമണങ്ങളിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവവികാസങ്ങൾ തുടരുന്നതിനാൽ അന്തിമ വിവരങ്ങൾക്കായി ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് ലോകം.











