09:13pm 28 October 2026
NEWS
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിമിനലെന്ന് ഇറാന്റെ പരമോന്നത നേതാവ്
17/01/2026  08:39 PM IST
nila
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിമിനലെന്ന് ഇറാന്റെ പരമോന്നത നേതാവ്

ടെഹ്റാൻ: ഇറാനിൽ നടന്ന വൻപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രം​ഗത്ത്. രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടാൻ ഇടയായ സംഭവങ്ങളുടെ ഉത്തരവാദിത്തം പ്രതിഷേധക്കാർക്കും അവരെ പിന്തുണച്ച വിദേശ ശക്തികൾക്കുമാണെന്ന് ഖമനയി പറഞ്ഞു. ‘ഒരു ക്രിമിനൽ’ എന്നാണ് ട്രംപിനെ ഖമനയി വിശേഷിപ്പിച്ചത്. 

സർക്കാർ ടെലിവിഷൻ വഴി സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലാണ് ഖമനയി അമേരിക്കൻ പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. അടുത്തകാലത്തെ കലാപങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ഖമനയി വെളിപ്പെടുത്തി. ഇത്രയും വലിയ മരണസംഖ്യ ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽ യുഎസ് പ്രസിഡന്റ് നേരിട്ട് ഇടപെട്ടുവെന്നും, രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്താൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചുവെന്നും ഖമനയി ആരോപിച്ചു. പ്രക്ഷോഭകർക്ക് സൈനിക പിന്തുണ നൽകുന്നുവെന്ന തരത്തിൽ ട്രംപ് നടത്തിയ പ്രസ്താവനകൾ രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കയുടെ ഈ നിലപാടുകളെന്നും, പ്രതിഷേധങ്ങളിലുണ്ടായ മരണങ്ങൾക്കും വൻ നാശനഷ്ടങ്ങൾക്കും യുഎസ് പ്രസിഡന്റ് നേരിട്ട് ഉത്തരവാദിയാണെന്നും ഖമനയി വ്യക്തമാക്കി.

പ്രക്ഷോഭകാരികളെ ‘അമേരിക്കയുടെ കാലാൾപ്പട’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ നശിപ്പിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അതേസമയം, ഇന്റർനെറ്റ് നിയന്ത്രണം ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഇറാനിൽ ഇപ്പോഴും തുടരുകയാണ്.

യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, രണ്ടാഴ്ച നീണ്ട പ്രക്ഷോഭങ്ങളിൽ 2,677 പേർ കൊല്ലപ്പെട്ടു.

ഇതിനിടെ, ഇറാനെതിരായ സൈനിക നടപടി തൽക്കാലം വേണ്ടെന്ന നിലപാടിലാണ് യുഎസ്. ഗൾഫ് രാജ്യങ്ങളുടെ ഇടപെടലും നയതന്ത്ര സമ്മർദ്ദങ്ങളുമാണ് ഈ തീരുമാനത്തിലേക്ക് അമേരിക്കയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img