
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കക്ക് കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോസ്, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ അടക്കം തകർന്നു എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ അമേരിക്കയുടെ 228 സൈനികസൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ തകർത്തെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തു. യുദ്ധം തുടങ്ങിയതിനുശേഷം പുറത്തുവന്നിട്ടുള്ള ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്താണ് വാഷിങ്ടൺ പോസ്റ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതിലും കൂടുതൽ നാശനഷ്ടം അമേരിക്കക്കുണ്ടായി എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാൻ യുദ്ധം തുടങ്ങിയതിനുപിന്നാലെ പശ്ചിമേഷ്യയിൽനിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിന് യു.എസ്. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇറാൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളെ യൂറോപ്യൻ യൂണിയന്റെ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആധികാരികത ഉറപ്പുവരുത്തിയശേഷം നടത്തിയ വിശകലനമാണ് പോസ്റ്റ് പുറത്തുവിട്ടത്.
ഇതുപ്രകാരം മേഖലയിലെ 15 സൈനികത്താവളങ്ങളിലായി 215 കെട്ടിടങ്ങൾക്കും 11 യുദ്ധോപകരണങ്ങൾക്കും കേടുപറ്റുകയോ തകരുകയോ ചെയ്തു. ഇറാൻ ആക്രമണങ്ങൾ കൃത്യതയുള്ളതായിരുന്നുവെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ തടസ്സപ്പെടുത്താത്ത ആക്രമണങ്ങളെല്ലാം ലക്ഷ്യസ്ഥാനം കണ്ടെന്നും ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിലെ ഒരു ഉപഗ്രഹ ആശയവിനിമയ കേന്ദ്രം, ബഹ്റൈനിലെ റിഫ, ഇസ വ്യോമതാവളങ്ങളിലെ പാട്രിയറ്റ് മിസൈൽ പ്രതിരോധ ഉപകരണങ്ങൾ, കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളം, യു.എസ് അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേവൽ സപ്പോർട്ട് ആക്ടിവിറ്റി ബഹ്റൈനിലെ ചില സംവിധാനങ്ങൾ, കുവൈത്തിലെ ക്യാമ്പ് ബ്യൂഹ്റിങ്ങിലെ ഒരു വൈദ്യതനിലയം എന്നിവയിലും ഇറാൻ ആക്രമണം ഉണ്ടായെന്ന് പോസ്റ്റ് റിപ്പോർട്ടുചെയ്തു.










