
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എന്നാൽ ഇറാന്റെ വാക്കുകൾ മാത്രം വിശ്വസിച്ച് തീരുമാനമെടുക്കില്ലെന്നും, രാജ്യത്തിന്റെ തുടർനടപടികൾ നിരീക്ഷിച്ച ശേഷമായിരിക്കും യു.എസ്. നിലപാട് വ്യക്തമാക്കുകയെന്നും വാൻസ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷയും അന്താരാഷ്ട്ര കപ്പൽ ഗതാഗതവും സാധാരണ നിലയിലാക്കുന്നത് സംബന്ധിച്ച് യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. സംഘർഷത്തിന് മുൻപുണ്ടായിരുന്ന സാഹചര്യം പശ്ചിമേഷ്യയിൽ പുനഃസ്ഥാപിക്കുകയാണ് യു.എസിന്റെ പ്രധാന ലക്ഷ്യമെന്ന് വാൻസ് വ്യക്തമാക്കി.
കടലിടുക്കിലൂടെ മുൻകാലത്തെപ്പോലെ എണ്ണയും പ്രകൃതിവാതകവും സുരക്ഷിതമായി കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യം തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്കും ഈ ലക്ഷ്യത്തിന് പിന്തുണയുണ്ടെന്നാണ് വാൻസിന്റെ വിശദീകരണം.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ ചരക്കുമൂല്യത്തിന്റെ 5 മുതൽ 7 ശതമാനം വരെ ട്രാൻസിറ്റ് ഫീസ് ഈടാക്കാൻ ഇറാൻ ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു പദ്ധതി നിലവിൽ പരിഗണനയിലില്ലെന്നാണ് ഇറാന്റെ പുതിയ നിലപാട്.
ഇതോടെ കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കുന്നതിലേക്കാണ് യു.എസ്.-ഇറാൻ ചർച്ചകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.










