
വാഷിംഗ്ടൺതെഹ്‌റാൻ: ഇറാനുംഅമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ഭീഷണിയുടെ നിഴലിൽ ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ സമാധാനശ്രമങ്ങൾ പ്രതിസന്ധിയിലായി. അതേസമയം, ഇറാൻ ഒരു കരാറിന് തയ്യാറാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.നയതന്ത്ര ചർച്ചകൾക്ക് രാജ്യം എതിരല്ലെങ്കിലും, സൈനിക ഭീഷണികളും സാമ്പത്തിക ഉപരോധവും നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് തെഹ്‌റാൻ വ്യക്തമാക്കി.
ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുന്ന ഉപരോധം (Blockade) തുടരുമെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തെ ഇത് ബാധിക്കുന്നുണ്ട്.ദീർഘകാലമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി ലെബനനും ഇസ്രായേലും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ വരും വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ നടക്കും. അമേരിക്കയാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.തെക്കൻ ലെബനനിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. തെക്കൻ ലെബനനിലെ ഖാഖായെത് അൽ ജിസ്‌ർ (Qaaqaaiyet El Jisr) ടൗണിൽ നടന്ന വ്യോമാക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൂടാതെ ഖിയാം (Khiam) ടൗണിലെ നിരവധി വീടുകൾ ഇസ്രായേൽ തകർക്കുകയും ചെയ്തു. ഇത് വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ലെബനൻ ആരോപിച്ചു.
മേഖലയിലെ സംഘർഷം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഉടൻ ഒരു പരിഹാരം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











