
ടെഹ്റാൻ: അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം തകർത്തത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. ഇറാന്റെ അവകാശവാദം സംബന്ധിച്ച് അമേരിക്കയോ സഖ്യകക്ഷികളോ പ്രതികരിച്ചിട്ടില്ല.
നേരത്തെ യുഎസിന്റെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. അമേരിക്കയുടെ എഫ് 35 യുദ്ധവിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ബ്രിട്ടന്റെ ആണവ അന്തർവാഹിനിയായ എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ എത്തിയതായി ‘ഡെയ്ലി മെയിൽ’ റിപ്പോർട്ട് ചെയ്തു. മാർച്ച് 6ന് ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ നിന്ന് പുറപ്പെട്ട അന്തർവാഹിനി, ഹോർമുസ് കടലിടുക്കിന് സമീപമുള്ള വടക്കൻ അറബിക്കടലിൽ നിലയുറപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 1,600 കിലോമീറ്റർ പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളും ഈ അന്തർവാഹിനിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇറാനുനേരെ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ഈ നീക്കം.











