
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഗുരുതര പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകൻ മെഹ്സിൻ റെസായ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സാഹചര്യം കൂടുതൽ വഷളാകുകയും യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് റെസായ് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രം, ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക്, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലേക്കും സംഘർഷം വ്യാപിക്കാനിടയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ നിലവിൽ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബാബ് അൽ മന്ദബ്, ഹോർമുസ് കടലിടുക്കുകൾ എന്നിവ അടച്ചുപൂട്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ആഗോള എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം നാലിലൊന്ന് തടസ്സപ്പെടുമെന്നും റെസായ് മുന്നറിയിപ്പ് നൽകി.










