
ടെഹ്റാൻ: മുജ്‌തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ സമ്പത്ത് സംബന്ധിച്ച ചർച്ചകൾ സജീവമാകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയാണ് മുജ്തബ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, പുറത്തുവരുന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് ഇറാനോ മുജ്തബ ഖമനയിയോ പ്രതികരിച്ചിട്ടില്ല.
മുജ്‌തബ ഖമനയിയുടെ യഥാർഥ സമ്പത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും, ആഗോള സാമ്പത്തിക രംഗത്ത് ശക്തമായ ബന്ധങ്ങളുള്ള വ്യക്തിയെന്ന വിലയിരുത്തലാണ് ഉള്ളത്. യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപകമായ നിക്ഷേപങ്ങളും സ്വത്തുക്കളും അദ്ദേഹത്തിനുണ്ടെന്നാണു സൂചന. റിപ്പോർട്ടുകൾ പ്രകാരം സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുകളും ബ്രിട്ടനിൽ ഏകദേശം 138 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആഡംബര വസതിയും അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ലണ്ടനിലെ പ്രീമിയം മേഖലകളിൽ നിരവധി വീടുകളും ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ ഹോട്ടലുകൾ അടക്കമുള്ള വ്യാവസായിക നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ സാമ്പത്തിക ശൃംഖലയിലുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ലണ്ടനിലെ സമ്പന്നരുടെ നിരയെന്നറിയപ്പെടുന്ന ബിഷപ്സ് അവന്യൂവിലും ചില സ്വത്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘ബില്യണയേഴ്സ് റോ’ എന്നറിയപ്പെടുന്ന ഈ പ്രദേശം ലോകത്തിലെ ഏറ്റവും ചെലവേറിയ താമസമേഖലകളിലൊന്നാണ്.
അതേസമയം, ഈ ആസ്തികളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. അതുകൊണ്ടുതന്നെ സമ്പത്തിന്റെ ഉറവിടവും വ്യാപ്തിയും സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് വിമർശകർ ആരോപിക്കുന്നു.











