
ദോഹ: ഫെബ്രുവരി 28 മുതൽ ഖത്തർ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഖത്തറി സമൂഹം പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐക്യത്തെയും ദൃഢനിശ്ചയത്തെയും ശൂറ കൗൺസിൽ പ്രശംസിച്ചു. കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന പതിവ് പ്രതിവാര യോഗത്തിലാണ് രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്തത്.
രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തർ സായുധ സേനയും സുരക്ഷാ ഏജൻസികളും പുലർത്തുന്ന ഉയർന്ന പ്രൊഫഷണലിസത്തെ കൗൺസിൽ അഭിനന്ദിച്ചു.ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച പ്രമേയത്തെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു.ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ആഗോള ഊർജ്ജ സുരക്ഷയെയും സപ്ലൈ ചെയിനെയും ബാധിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണവിപണിയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണമായതായും കൗൺസിൽ വിലയിരുത്തി.ഇറാൻ്റെ നടപടികൾ യുഎൻ ചാർട്ടറിൻ്റെയും അയൽപക്ക മര്യാദകളുടെയും ലംഘനമാണ്. സമാധാന ചർച്ചകൾക്കും മധ്യസ്ഥതയ്ക്കും എന്നും മുന്നിൽ നിന്നിട്ടുള്ള രാജ്യമാണ് ഖത്തർ എന്നിരിക്കെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ വിശ്വാസവഞ്ചന അംഗീകരിക്കാനാവില്ലെന്ന് കൗൺസിൽ വ്യക്തമാക്കി.വരാനിരിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) പ്രമാണിച്ച് കൗൺസിൽ സ്പീക്കർ അമീറിനും ഖത്തറിലെ ജനങ്ങൾക്കും ആശംസകൾ നേർന്നു. സമാധാനപരമായ ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.











