10:18am 31 October 2026
NEWS
ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ ഇറാൻ ഭരണകൂടത്തിന് അടിപതറുന്നു; പ്രതിഷേധക്കാരെ ‘ദൈവത്തിന്റെ ശത്രുക്കൾ’ ആയി പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ്
11/01/2026  06:15 AM IST
nila
ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ ഇറാൻ ഭരണകൂടത്തിന് അടിപതറുന്നു; പ്രതിഷേധക്കാരെ  ‘ദൈവത്തിന്റെ ശത്രുക്കൾ’ ആയി പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാനിൽ ആഴ്ചകളായി നീളുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഫലംകാണുന്നില്ലെന്ന് റിപ്പോർട്ട്. കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയാണ്. അതിനിടെ, പ്രതിഷേധക്കാർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് മൊവഹേദി ആസാദ് രംഗത്തെത്തി. പ്രക്ഷോഭങ്ങളിൽ പങ്കാളികളാകുന്നവരെ ‘ദൈവത്തിന്റെ ശത്രുക്കൾ’ ആയി പ്രഖ്യാപിക്കുമെന്നാണ് മുഹമ്മദ് മൊവഹേദി ആസാദിന്റെ മുന്നറിയിപ്പ്. 

രാജ്യത്തിന്റെ സുരക്ഷയെ തകർക്കുകയും വിദേശ ശക്തികൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണു പ്രതിഷേധങ്ങൾക്കു പിന്നിലെന്നും, അത്തരം ശ്രമങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ഉടൻ തന്നെ നിയമനടപടികൾ ആരംഭിക്കുമെന്നും ആസാദ് പറഞ്ഞു. കലാപത്തിൽ നേരിട്ട് പങ്കെടുത്തവർക്കൊപ്പം അതിന് പിന്തുണ നൽകിയവരും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർക്കു ദയയോ അനുകമ്പയോ അർഹമല്ലെന്ന നിലപാടാണ് സർക്കാരിന്റെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിയൻ നിയമത്തിൽ ‘മൊഹറേബ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന കുറ്റങ്ങൾ അതീവ ഗുരുതരമാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സംഘടിതമായി പ്രവർത്തിക്കുന്നവരും, അവരുടെ ലക്ഷ്യങ്ങൾ അറിഞ്ഞുകൊണ്ട് സഹായിക്കുന്നവരുമാണ് ഇതിൽപ്പെടുന്നത്. ആയുധം കൈയിലെടുത്തില്ലെങ്കിലും ഇത്തരം സംഘങ്ങൾക്ക് പിന്തുണ നൽകിയാൽ കുറ്റകരമാണെന്നതാണ് നിയമവ്യവസ്ഥ. ഇതിന് വധശിക്ഷ ഉൾപ്പെടെയുള്ള കഠിന ശിക്ഷകളാണ് നിയമം നിർദേശിക്കുന്നത്.

അതേസമയം, പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളിൽ നിരവധി ജീവൻ നഷ്ടപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഏജൻസിയുടെ കണക്കുപ്രകാരം 62 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പ്രതിഷേധം നിയന്ത്രിക്കാൻ സർക്കാർ രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞു. വിദേശത്തുനിന്നുള്ള ഫോൺ വിളികൾക്കും നിയന്ത്രണമേർപ്പെടുത്തി. ചില വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

ഭരണകൂടം കർശന നിലപാട് തുടരുന്നതിനിടെ, പ്രക്ഷോഭങ്ങൾക്ക് പുതിയ ദിശ നൽകാനുള്ള ആഹ്വാനവുമായി രാജവംശത്തിന്റെ അവകാശിയായി കണക്കാക്കപ്പെടുന്ന റിസാ പഹ്‌ലവി രംഗത്തെത്തി. വർഷങ്ങളായി യുഎസിൽ കഴിയുന്ന അദ്ദേഹം, തെരുവ് പ്രതിഷേധങ്ങളിൽ ഒതുങ്ങാതെ നഗരകേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കേണ്ട സമയമാണെന്ന് അഭിപ്രായപ്പെട്ടു. ഗതാഗതം, ഇന്ധനം, വൈദ്യുതി മേഖലകളിലെ ജീവനക്കാർ പണിമുടക്കി പ്രക്ഷോഭത്തിന് ശക്തി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടയിൽ, ചില പ്രതിഷേധക്കാർ റിസാ പഹ്‌ലവി ഇറാനിലേക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്. ശക്തമായ നിയന്ത്രണങ്ങൾക്കിടയിലും പ്രക്ഷോഭം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ഇറാൻ ഭരണകൂടം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img