06:36pm 28 October 2026
NEWS
അമേരിക്കയുമായി ആണവ കരാറിന് സന്നദ്ധമെന്ന് ഇറാൻ
25/02/2026  06:26 AM IST
nila
അമേരിക്കയുമായി ആണവ കരാറിന് സന്നദ്ധമെന്ന് ഇറാൻ

 

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവിന് സാധ്യതയെന്ന് സൂചന. ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചിയാണ് ഇറാൻ അമേരിക്കക്ക് വഴങ്ങുന്നു എന്ന സൂചന നൽകി രം​ഗത്തെത്തിയത്. അമേരിക്കയുമായി ഒരു കരാറിലെത്തുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇറാൻ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ്  ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

വ്യാഴാഴ്ച ജനീവയിൽ ചർച്ചകൾ നടക്കുമെന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവർ ഇറാനിയൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ഈ മാസം ആദ്യം ചർച്ചകൾ പുനരാരംഭിച്ചത്. തങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

“കഴിയുന്നത്ര വേഗം ഒരു കരാറിലെത്താൻ ഞങ്ങൾ തയ്യാറാണ്. ഇതിനായി ആവശ്യമായത് എന്തുമാകട്ടെ ചെയ്യാൻ സന്നദ്ധരാണ്. എന്നാൽ ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ അധിനിവേശമോ ഉണ്ടായാൽ, ഞങ്ങളുടെ പ്രതിരോധ പദ്ധതികൾ അനുസരിച്ച് ശക്തമായി പ്രതികരിക്കും. ഇറാനെതിരായ യുഎസ് ആക്രമണം വലിയൊരു ചൂതാട്ടമായിരിക്കും,” എന്നാണ് തഖ്ത് റാവഞ്ചിയുടെ മുന്നറിയിപ്പ്.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്നും, ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാൻ അദ്ദേഹം തയ്യാറാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യത്തെ തുടർന്ന് ഉണ്ടായ തർക്കമാണ് കഴിഞ്ഞ വർഷം നടന്ന ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിർമാണത്തിലേക്കുള്ള വഴിയെന്ന നിലപാടിലാണ് അമേരിക്ക. എന്നാൽ തങ്ങൾ ആണവായുധ നിർമാണം ലക്ഷ്യമിടുന്നില്ലെന്നാണ് ഇറാന്റെ ആവർത്തിച്ചുള്ള വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img