02:34pm 10 November 2026
NEWS
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റു
13/07/2025  02:29 PM IST
nila
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റു

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റെന്ന് റിപ്പോർട്ട്. ജൂൺ പതിനാറിന് ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ ഇറാൻ പ്രസിഡന്റ്  മസൂദ് പെഷസ്കിയാന് പരുക്കേറ്റിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മസൂദ് പെഷസ്കിയാന് കാലിനാണ് പരുക്കേറ്റത്. നിസ്സാര പരുക്കാണുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

പടിഞ്ഞാറൻ ടെഹ്റാനിൽ ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ മിസൈലാക്രമണമുണ്ടായത്. മസൂദ് പെഷസ്കിയാനെ കൂടാതെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ബെയ്റൂട്ടിൽ വച്ച് ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകൾ പതിച്ചു. ഇറാനിയൻ ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. സ്ഫോടനങ്ങൾക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗം മുൻകൂട്ടി തയാറാക്കിയിരുന്നതിനാൽ ഉദ്യോഗസ്ഥർ അതിലൂടെ രക്ഷപ്പെട്ടു എന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആക്രമണത്തിനു പിന്നിൽ ഒരു ചാരനുണ്ടാകാനുള്ള സാധ്യതയും ഇറാൻ തള്ളിക്കളയുന്നില്ല. 

തന്നെ വധിക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് മസൂദ് പെഷസ്കിയാൻ നേരത്തെ ആരോപിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേൽ സൈന്യം നിരവധി ഉന്നത ഇറാനിയൻ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img