
വാഷിങ്ടൺ: ഇറാനിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ലക്ഷ്യമിട്ട് ആക്രമണം നടത്തേണ്ട സാഹചര്യമുണ്ടായാൽ അതിന് മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ നീക്കങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണങ്ങളെ അദ്ദേഹം വീണ്ടും ന്യായീകരിച്ചു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും ട്രംപ് പറഞ്ഞു.
‘‘കഴിഞ്ഞ അഞ്ച് മാസത്തിനിടെ നമ്മൾ എന്താണ് ചെയ്തതെന്ന് അറിയാമോ? അവർ ഇനി ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതാണ് നമ്മൾ ചെയ്തത്’’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പിക്ക്ആക്സ് മൗണ്ടനിൽ ആണവായുധ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയാൽ കേന്ദ്രം ആക്രമിക്കുമെന്ന സൂചനയും ട്രംപ് നൽകി. ‘‘എന്തെങ്കിലും തെറ്റായ നടപടി ഉണ്ടായാൽ തിരിച്ചടി കഠിനമായിരിക്കും’’ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂഗർഭമായി രണ്ട് തുരങ്ക സംവിധാനങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സാധാരണ വ്യോമാക്രമണങ്ങളിൽനിന്ന് സംരക്ഷണം ലഭിക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പിക്ക്ആക്സ് മൗണ്ടനിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായി നേരത്തെ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനായി ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ ആണവ പദ്ധതിയിലെ നിർണായക ഉപകരണങ്ങളാണ്.










