
ടെഹ്റാൻ: ഇറാൻ നാവികസേന കമാൻഡർ അലിറേസ ടാങ്സിരി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ടാങ്സിരിയെന്ന് അതേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എന്നാൽ, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബന്ദർ അബ്ബാസിലെ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ സേനയും മൗനം പാലിക്കുകയാണ്. തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യ സ്വദേശിയായ ടാങ്സിരി, ഇറാൻ–ഇറാഖ് യുദ്ധത്തിലും 1980കളിലെ ഇറാൻ–യുഎസ് ടാങ്കർ സംഘർഷത്തിലും പങ്കെടുത്തിട്ടുണ്ട്. 2010 മുതൽ 2018 വരെ ഡപ്യൂട്ടി കമാൻഡറായി സേവനമനുഷ്ഠിച്ച ശേഷം നാവികസേന കമാൻഡറായി ചുമതലയേറ്റിരുന്നു.











