
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇറാന്റെ എണ്ണയും വാതക സംവിധാനങ്ങളും ലക്ഷ്യമിട്ട ആക്രമണം ഇസ്രയേൽ തനിച്ചാണ് നടത്തിയതെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേലിലെ പ്രധാന വ്യാവസായിക കേന്ദ്രമായ ഹൈഫയിലെ എണ്ണ സംസ്കരണ പ്ലാന്റിലാണ് മിസൈൽ പതിച്ചത്. രാജ്യത്തെ ഗാർഹിക ഇന്ധന വിതരണത്തിന്റെ ഏകദേശം പകുതിയും ഇവിടെ നിന്നാണ് ലഭിക്കുന്നത്. ആക്രമണത്തിൽ ആളപായമൊന്നുമില്ലെങ്കിലും ഗണ്യമായ നാശനഷ്ടമുണ്ടായതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ 45 മിനിറ്റോളം വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തിരുന്നു.
ഇനിയും ഹൈഫയിലെ റിഫൈനറികൾ ലക്ഷ്യമാക്കി ആക്രമണം തുടരുമെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. കൃത്യതയാർന്ന മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാൻ അറിയിച്ചു. അതേസമയം, ഒരു മിസൈൽ പ്രതിരോധിക്കാൻ കഴിഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഇന്നലെ ഇറാൻറെ ജീവനാഡിയായ സൗത്ത് പാർസിൽ ആക്രമണം ഉണ്ടായതിന് പ്രതികാരമായാണ് ഇറാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ജൂണിൽ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. അന്ന് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിയും വന്നിരുന്നു.
ഇറാനിലെ ഗാർഹിക ഉപഭോഗത്തിൻറെ 70 ശതമാനവും സൗത്ത് പാർസിലെ വാതകപ്പാടത്ത് നിന്നാണെന്നിരിക്കെയാണ് രൂക്ഷമായ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്നായിരുന്നു ട്രംപിൻറെ അവകാശവാദം. പിന്നാലെ ഖത്തറിലെ റാസ് ലഫാൻ ഇറാൻ ആക്രമിച്ചു. നികത്താനാവാത്ത നാശനഷ്ടമാണ് റാസ് ലഫാനിലുണ്ടായതെന്ന് ഖത്തർ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ജെറുസലേമിലേക്ക് ഇറാൻ കനത്ത ആക്രമണം തുടരുകയാണ്. രണ്ട് മണിക്കൂറിനിടെ മൂന്ന് മിസൈലുകളാണ് ജെറുസലേം ലക്ഷ്യമിട്ടെത്തിയതെന്നും ഇതോടെ മധ്യ ഇസ്രയേലിലും ജെറുസലേമിലെങ്ങും അപായ സൈറണുകൾ മുഴങ്ങിയെന്നും പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ജെറുസലേമിൽ നിന്ന് ഉഗ്ര സ്ഫോടന ശബ്ദം ഉയർന്നതായി ബിബിസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈദ് ആഘോഷത്തിനായി കിഴക്കൻ ജെറുസലേമിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതിന് പിന്നാലെയാണ് സൈറണുകൾ മുഴങ്ങിയത്. പിന്നാലെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങളുമെത്തിയെന്നും മണിക്കൂറളോളം ആശങ്ക നീണ്ടുനിന്നുവെന്നും ബിബിസിയുടെ ജെറുസലേമിലുള്ള റിപ്പോർട്ടർ സെബാസ്റ്റ്യൻ ഉഷർ വെളിപ്പെടുത്തി. നാലുതവണ ആക്രമണം നടത്തിയതായി ഇറാൻ സൈന്യവും സ്ഥിരീകരിച്ചു. ഇറാൻറെ ബാലിസ്റ്റിക് മിസൈൽ ശേഖരം തകർത്തുവെന്നും മിസൈൽ ആക്രമണങ്ങൾ നടത്താന് ഇറാന് ശേഷിയില്ലെന്നും നെതന്യാഹു അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ജെറുസലേമിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ എത്തിയത്.











