12:03pm 12 September 2026
NEWS
‘റമദാൻ ജാൻബാസ്’; പ്രതികാരത്തിന് ആഹ്വാനം ചെയ്ത് മൊജ്താബ ഖമനയി
13/03/2026  06:05 AM IST
nila
‘റമദാൻ ജാൻബാസ്’; പ്രതികാരത്തിന് ആഹ്വാനം ചെയ്ത് മൊജ്താബ ഖമനയി

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവിന് വ്യോമാക്രമണത്തിൽ ​ഗുരുതര പരിക്കെന്ന് റിപ്പോർട്ട്. മൊജ്താബ ഖമനയി ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. അദ്ദേഹത്തിന് സുരക്ഷ നൽകുന്നതിനായി ആശുപത്രിയിലെ ഒരു ഭാഗം അടച്ചുപൂട്ടിയതായും വിവരമുണ്ട്. ഖമനയി കോമയിലാണെന്നും വ്യോമാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നു. അതേസമയം, പ്രതികാരത്തിന് ആഹ്വാനം ചെയ്തുള്ള  മൊജ്താബ ഖമനയിയുടെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. 

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നീക്കം കൂടുതൽ കടുപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ന്യൂസ് റീഡറാണ് ഖമനയിയുടെ സന്ദേശം വായിച്ചത്. ‘രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിൽ നിന്ന് ഇറാൻ പിന്മാറില്ലെ’ന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

അയൽരാജ്യങ്ങളുമായി സൗഹൃദം നിലനിർത്താൻ താൻ ആഗ്രഹിക്കുന്നുവെങ്കിലും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുമെന്നും ഖമനയി മുന്നറിയിപ്പ് നൽകി. മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും ഉടൻ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശത്രുരാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയോ അതനുസരിച്ച് അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയോ ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തിയ അതേ വ്യോമാക്രമണത്തിലാണോ മുജ്തബയ്ക്ക് പരുക്കേറ്റതെന്ന് വ്യക്തമല്ല. ഇറാനിലെ ആരോഗ്യ, ചികിത്സ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയും രാജ്യത്തെ മികച്ച ട്രോമ സർജൻമാരിൽ ഒരാളുമായ മുഹമ്മദ് റെസ സഫർഗാനിയുടെ സംരക്ഷണയിലാണ് നിലവിൽ മുജ്തബ ഖമനയിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വൃത്തങ്ങൾ പറഞ്ഞു. ഭരണകൂടത്തിന്റെ ഏറ്റവും വിശ്വസ്തനായ ഡോക്ടറും യുദ്ധത്തിൽ രാസായുധങ്ങൾ ഉപയോഗിച്ചതിനെ തുടർന്ന് പരുക്കേറ്റയാളുമാണ് മുഹമ്മദ് റെസ സഫർഗാനി.

മുജ്തബ ഖമനയിയുടെ അവസ്ഥയെക്കുറിച്ച് പൂർണ്ണമായി  ഇറാൻ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് കരുതുന്നു. ഭരണകൂടത്തിന്റെ നിലവിലെ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് കാരണം ഇറാനിലെ പുതിയ പരമോന്നത നേതാവിന്റെ അവസ്ഥ പുറംലോകത്തിന് കൃത്യമായി അറിയാൻ സാധിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇറാൻ സ്റ്റേറ്റ് ടിവി മുജ്തബയെ ‘റമദാൻ ജാൻബാസ്’ അഥവാ ‘യുദ്ധത്തിൽ മുറിവേറ്റ പോരാളി’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനാൽ മുജ്തബയ്ക്ക് പരുക്കേറ്റതായിട്ടുള്ള വിവരം സത്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പരുക്കുമായി ബന്ധപ്പെട്ട കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇറാൻ തയ്യാറായിട്ടില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. പിതാവിനേക്കാൾ തീവ്രനിലപാടുകളുള്ള വ്യക്തിയാണ് മുജ്തബ ഖമനയിയെന്നാണ് റിപ്പോർട്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img