
ദുബൈ: തെക്കൻ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച റോക്കറ്റ് വിക്ഷേപണം നടത്താൻ പദ്ധതിയുണ്ടെന്ന് അറിയിച്ച് ഇറാൻ ‘നോട്ടീസ് ടു എയർമൻ’ (NOTAM) പുറപ്പെടുവിച്ചു. യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റുകൾക്കും വ്യോമസേനയ്ക്കും വ്യോമപരിധി ഉപയോഗിക്കുന്ന മറ്റ് ഏജൻസികൾക്കും നിർണായകമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതാണ് NOTAM സംവിധാനം. വ്യാഴാഴ്ച പുലർച്ചെ 3.30 മുതൽ ഉച്ചക്ക് 1.30 വരെ റോക്കറ്റ് വിക്ഷേപണങ്ങൾ നടക്കുമെന്നാണ് അറിയിപ്പ്.
ഈ ആഴ്ച ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇറാൻ നാവികസേനാ അഭ്യാസങ്ങൾ നടത്തിയിരുന്നു. കൂടാതെ, വ്യാഴാഴ്ച റഷ്യയുമായി സംയുക്ത നാവികാഭ്യാസം നടത്താനും ഇറാൻ പദ്ധതിയിടുന്നുണ്ട്. അമേരിക്കയുമായുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് NOTAM പുറപ്പെടുവിച്ചത്.
ഇറാന്റെ സമീപ മേഖലയിൽ അമേരിക്ക യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുകയാണ്. അതേസമയം, ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരണമോ, അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കണമോ എന്ന കാര്യത്തിൽ വാഷിങ്ടൺ ആലോചിച്ചുവരുകയാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.











