
പ്യോങ്‍യാങ്: ഇറാന് പിന്തുണയുമായി ഉത്തരകൊറിയ. ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങളെ ഉത്തരകൊറിയ ശക്തമായി അപലപിച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉത്തരകൊറിയ ശക്തമായ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു. യുദ്ധക്കപ്പലായ ‘ചോയ് ഹ്യോൺ’ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 കപ്പലുകൾ നശിപ്പിച്ചതായി അമേരിക്ക അറിയിച്ചു. മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ മുൻപ് തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഈ ആക്രമണത്തിൽ നശിച്ച കപ്പലുകളുടെ ദൃശ്യങ്ങളും അമേരിക്കൻ സൈന്യം പുറത്തുവിട്ടു.
അതേസമയം, ഇറാനിലെ ഇസ്ഫഹാനിലുള്ള റഷ്യൻ കോൺസുലേറ്റിനുമേൽ ആക്രമണം നടന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ ആരോപിച്ചു. സംഭവത്തിൽ ആരും പരുക്കേറ്റിട്ടില്ലെങ്കിലും കോൺസുലേറ്റ് ഓഫിസ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.











