
ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായ നടത്തിയ ആക്രമണങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ശത്രുമിസൈലുകളെ തടയുന്നതിൽ ഇറാൻ അടുത്തിടെ ചൈനയിൽ നിന്ന് സ്വന്തമാക്കിയ എച്ച്ക്യു-9ബി (HQ-9B) വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടതായാണ് വിലയിരുത്തൽ.
ചൈനയിലെ ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി, റഷ്യൻ എസ്-300, അമേരിക്കൻ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ചൈന അവകാശപ്പെടുന്നു. 260 കിലോമീറ്റർ ദൂരപരിധിയുള്ള ഈ സംവിധാനത്തിന് 50 കിലോമീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ വരെ തകർക്കാൻ കഴിയും. ഒരേസമയം 6 മുതൽ 8 വരെ ലക്ഷ്യങ്ങളെ നേരിടാനും, 100 ഓളം ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ഇതിന് കഴിവുണ്ടെന്നാണ് സാങ്കേതിക വിശദീകരണം. സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ടെന്ന് ചൈന അവകാശപ്പെടുന്നു.
ചൈനയുടെ തന്ത്രപ്രധാന മേഖലകളായ ബീജിങ്, ടിബറ്റ്, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിൽ ഇത് വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ സംഘർഷം കടുത്തതോടെ ചൈനയുമായുള്ള ‘എണ്ണയ്ക്ക് പകരം ആയുധം’ എന്ന കരാറിലൂടെയാണ് ഇറാൻ എച്ച്ക്യു – 9ബി സ്വന്തമാക്കിയത്. റഷ്യൻ നിർമിത എസ്-300 പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചത്. നതാൻസ് ആണവനിലയം, ഇസ്ഫഹാൻ വ്യോമതാവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും ഇത് വിന്യസിച്ചിരുന്നു. എന്നാൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത വ്യോമശക്തിക്ക് മുന്നിൽ ഈ സംവിധാനം തകരുകയായിരുന്നു.
മുൻപ് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാക്കിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളെ സംരക്ഷിക്കാനും ഈ സംവിധാനത്തിന് സാധിക്കാതിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ യുദ്ധവിദഗ്ധർ എച്ച്ക്യു-9ബിയുടെ ശേഷിയെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിക്കുന്നത്.











