10:28am 10 November 2026
NEWS
യുദ്ധത്തിൽ ചരിത്രവിജയം അവകാശപ്പെട്ട് ഇസ്രയേലും ഇറാനും
25/06/2025  05:15 AM IST
nila
യുദ്ധത്തിൽ ചരിത്രവിജയം അവകാശപ്പെട്ട് ഇസ്രയേലും ഇറാനും

12 ദിവസം നീണ്ട ഇറാൻ - ഇസ്രയേൽ സംഘർഷം അവസാനിക്കുമ്പോൾ ശത്രുവിനെതിരെ ചരിത്രവിജയം നേടിയെന്ന് അവകാശപ്പെട്ട് ഇരുപക്ഷവും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെയാണ് ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. യുദ്ധത്തിൽ തങ്ങൾ ചരിത്രവിജയം നേടിയെന്നായിരുന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഇറാനെതിരേ ചരിത്രവിജയം നേടാനായെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. 

ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേൽപ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിർത്തലിനും ഇന്ന് സാക്ഷ്യംവഹിക്കുകയാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇറാൻ പ്രസിഡന്റ് പറഞ്ഞു. വീരോചിതമായ ചെറുത്തുനിൽപ്പിന് ശേഷമാണ് യുദ്ധം അവസാനിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് വെടിനിർ‍ത്തലിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അവകാശപ്പെട്ടു. ഈ വിജയം തലമുറകളോളം ഓർമിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു. ഞങ്ങൾ ഒരു സിംഹത്തെപ്പോലെ ഉണർന്നു. ഞങ്ങളുടെ ഗർജനം ടെഹ്‌റാനെ പിടിച്ചുകുലുക്കി. ഈ യുദ്ധം ലോകത്തെ സൈന്യങ്ങൾ പഠനവിഷയമാക്കും. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും ഉൾപ്പെടെ രണ്ട് ഭീഷണികളാണ് ഞങ്ങൾ ഇല്ലാതാക്കിയത്. ഞങ്ങൾ നടപടിയെടുത്തിരുന്നില്ലെങ്കിൽ അപകടം നേരിടേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആണവ ശാസ്ത്രജ്ഞർ, മൂന്ന് ചീഫ് ഓഫ് സ്റ്റാഫ്, മറ്റു മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഇറാന്റെ മുതിർന്ന സേനാനേതാക്കളെയെല്ലാം ഇസ്രയേൽ പ്രതിരോധസേന ഇല്ലാതാക്കിയെന്നും നെതന്യാഹു പറഞ്ഞു. ഇസ്ഫഹാനിലെയും നതാൻസിലെയും അരാകിലെയും ആണവകേന്ദ്രങ്ങൾ നശിപ്പിക്കാനായി. ഇറാന്റെ ആണവപദ്ധതിയെ ഇസ്രയേൽ നശിപ്പിച്ചെന്നും ഇറാനിൽ ഇനി ആരെങ്കിലും ആണവപദ്ധതി പുനസ്ഥാപിക്കാൻ ശ്രമിച്ചാൽ ഇതേ നിശ്ചയദാർഢ്യത്തോടെയും ഇതേ കരുത്തോടെയും ആ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img