12:48am 12 July 2026
NEWS
ഹോർമുസിൽ വാണിജ്യ കപ്പൽഗതാഗതം കുറഞ്ഞിട്ടും ഇറാന്റെ എണ്ണക്കപ്പലുകൾക്ക് തടസ്സമില്ല; ‘ഡാർക്ക് ട്രാൻസിറ്റ്’ വർധിക്കുന്നു
11/07/2026  06:26 PM IST
nila
ഹോർമുസിൽ വാണിജ്യ കപ്പൽഗതാഗതം കുറഞ്ഞിട്ടും ഇറാന്റെ എണ്ണക്കപ്പലുകൾക്ക് തടസ്സമില്ല; ‘ഡാർക്ക് ട്രാൻസിറ്റ്’ വർധിക്കുന്നു

ടെഹ്‌റാൻ: യുഎസുമായുള്ള പുതിയ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കുമ്പോഴും, സ്വന്തം എണ്ണയും ചരക്കുകളും കയറ്റിയ കപ്പലുകളുടെ നീക്കം ഇറാൻ തുടരുന്നതായി റിപ്പോർട്ടുകൾ. സുരക്ഷാ ആശങ്കകൾ ശക്തമായ സാഹചര്യത്തിലും ഇറാൻ കപ്പലുകൾ ഹോർമുസ് വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതായി അന്താരാഷ്ട്ര ഷിപ്പിങ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

ജൂണിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക സമാധാന ധാരണ നിലവിൽ വന്നതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തിയിരുന്ന ചില ഉപരോധങ്ങൾ പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും സംഘർഷം ശക്തമായതോടെ സ്ഥിതിഗതികൾ മാറി.

ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡിന്റെ കണക്കുകൾ പ്രകാരം ജൂലൈ 9 മുതൽ 10 വരെയുള്ള 12 മണിക്കൂർ സമയത്ത് ഹോർമുസ് കടലിടുക്ക് കടന്നുപോയത് ആറ് വാണിജ്യ കപ്പലുകൾ മാത്രമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ സമയപരിധിയിൽ 18 മുതൽ 22 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്നുവെന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ കുറവാണിത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഗതാഗതത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

ഇതിനിടെ, കപ്പലുകൾ തങ്ങളുടെ തിരിച്ചറിയൽ സംവിധാനമായ ട്രാൻസ്‌പോണ്ടർ ഓഫ് ചെയ്ത് സഞ്ചരിക്കുന്ന ‘ഡാർക്ക് ട്രാൻസിറ്റ്’ രീതിയും വർധിച്ചിരിക്കുകയാണ്. നിലവിൽ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഏകദേശം 40 ശതമാനവും ഈ രീതിയാണ് സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആറു ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹോർമുസ് കടന്ന 101 കപ്പലുകളിൽ മൂന്നിലൊന്നും ഇറാന്റെ തീരത്തോട് ചേർന്നുള്ള കപ്പൽപാതയാണ് ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇറാനിലേക്ക് ചരക്കുകൾ എത്തിക്കുന്നതോ ഇറാനിയൻ എണ്ണ അന്താരാഷ്ട്ര വിപണികളിലേക്ക് കൊണ്ടുപോകുന്നതോ ആയിരുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 18ന് ഉപരോധ ഇളവ് ലഭിച്ചതിന് പിന്നാലെ 3.4 കോടി ബാരൽ ഇറാനിയൻ എണ്ണ ഹോർമുസ് കടന്നതായും വിവരമുണ്ട്.

അതേസമയം, ഇറാനുമായുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഉപരോധ ഇളവുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയാൽ ഇറാന്റെ കപ്പലുകളെ ലക്ഷ്യമിടുമെന്ന് യുഎസ് നാവികസേന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img