
ടെഹ്റാൻ: ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ശക്തികൾക്കെതിരെ ഇറാൻ വിജയം നേടിയെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയി. അമേരിക്കക്കും ഇസ്രയേലിനും ശക്തമാ തിരിച്ചടി നൽകിയെന്നും ശത്രു പരാജയപ്പെട്ടെന്നും മൊജ്താബ അവകാശപ്പെട്ടു. പേർഷ്യൻ പുതുവത്സരമായ നൗറൂസിനോടനുബന്ധിച്ച് ഇറാൻ ജനതയെ അഭിസംബോധന ചെയ്യവെയാണ് മൊജ്താബ ഖമനയി ഇസ്രയേലിനും അമേരിക്കക്കും എതിരെ വിജയം അവകാശപ്പെട്ടത്.
മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾ മറികടന്ന് ഇറാൻ ജനത പ്രകടിപ്പിച്ച ഐക്യബോധമാണ് ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യം നേരിട്ട മൂന്നാമത്തെ വലിയ സംഘർഷമാണിതെന്നും 2025 ജൂണിൽ നടന്ന പന്ത്രണ്ടുദിവസത്തെ യുദ്ധവും, ഈ വർഷാരംഭത്തിൽ ഉണ്ടായ ആഭ്യന്തര പ്രതിഷേധങ്ങളും ഇതിനുമുമ്പുണ്ടായ സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ ഭീതിയും അസ്ഥിരതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് മൊജ്താബ കുറ്റപ്പെടുത്തി. മുൻ നേതാക്കളെ വധിച്ച് രാജ്യം ദുർബലമാക്കാമെന്നത് അവരുടെ തെറ്റായ വിലയിരുത്തലാണെന്നും ഖമനയി വിമർശിച്ചു. അതേസമയം ഒമാൻ, തുർക്കി എന്നീ രാജ്യങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഇറാനോ അതിന്റെ സഖ്യകക്ഷികളോ പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങളുമായുള്ള ബന്ധം തകർക്കാനുള്ള ശ്രമങ്ങളാണിതെന്നും ആരോപിച്ചു. വരാനിരിക്കുന്ന കാലഘട്ടത്തിൽ ഇറാന്റെ ഐക്യം കൂടുതൽ ശക്തിപ്പെടുകയും ശത്രുക്കൾ കൂടുതൽ ദുർബലമാവുകയും ചെയ്യും എന്ന ആത്മവിശ്വാസവും പരമോന്നത നേതാവ് പ്രകടിപ്പിച്ചു.
ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ അധികാരമേറ്റെടുത്ത മൊജ്താബയുടെ ആദ്യ പ്രധാന പൊതുപ്രതികരണമാണിത്. ടെലിഗ്രാം ചാനലുകളിലൂടെയും ഔദ്യോഗിക മാധ്യമങ്ങളിലൂടെയും പ്രസ്താവന പുറത്തുവന്നു. അധികാരമേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും വീഡിയോയോ ശബ്ദസന്ദേശങ്ങളോ പുറത്തിറക്കാത്ത ഖമനയി, ഈ പ്രസ്താവനയിലൂടെ ആദ്യമായി വ്യക്തമായ നിലപാട് വ്യക്തമാക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിനും പരിക്കേറ്റതായി സൂചനകളുണ്ട്.











