
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ചതായി ഇറാൻ. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി വൈസ് ചെയർമാൻ അഹ്മദ് ഹയാത്ത് മൊഗദ്ദം അറിയിച്ചു. സാമ്പത്തിക, സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നാല് രാജ്യങ്ങൾക്കാണ് ഇസ്ലാമിക് റിപ്പബ്ലിക് പ്രത്യേക ഇളവുകൾ നൽകിയിരിക്കുന്നതെന്നും ഇവയുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഈ കപ്പലുകളുടെ സഞ്ചാരത്തിൽ ഇടപെടുന്നില്ലെന്നും ഹയാത്ത് മൊഗദ്ദം പറഞ്ഞു.
ഓരോ രാജ്യത്തിനും ഇളവ് അനുവദിച്ചതിന് വ്യത്യസ്ത കാരണങ്ങളുണ്ടെന്നും പ്രത്യേക സാഹചര്യങ്ങളും ധാരണകളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിന്റെ കപ്പലുകളിൽനിന്ന് ഇറാൻ കടന്നുപോകുന്നതിനുള്ള ഫീസ് ഈടാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലേക്ക് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതിനാണ് ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചതെന്നാണ് ഹയാത്ത് മൊഗദ്ദമിന്റെ വിശദീകരണം. അതേസമയം, ചൈനയ്ക്ക് നൽകിയ ഇളവിനു പിന്നിൽ ബെയ്ജിങ്ങിന്റെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
''ഞങ്ങൾ വ്യാപാര ഇടപാടുകൾ നടത്തുകയാണ്. ഓരോ ഇളവിനും അതിന്റേതായ കാരണങ്ങളുണ്ട്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.










