ഇസ്രയേലി ചാരനെ ഇറാൻ പരസ്യമായി തൂക്കിലേറ്റി

ഇസ്രയേൽ ചാരനെന്നാരോപിച്ച് ഇറാനിൽ ഒരാളെ പരസ്യമായി തൂക്കിലേറ്റി. ബഹ്മൻ ചൗബിയെന്നയാളെയാണ് ഇറാനിൽ പരസ്യമായി കൊലപ്പെടുത്തിയത്. ഇറാനിൽ നിന്നുള്ള അതീവ രഹസ്യ വിവരങ്ങൾ വരെ ഇസ്രയേലിന് കൈമാറിയെന്നാണ് ഇയാൾക്കെതിരെ ആരോപിക്കുന്ന കുറ്റം. ബഹ്മനുൾപ്പടെയുള്ളവർ രാജ്യത്തെ നിർണായക വിവരങ്ങൾ മൊസാദിന് കൈമാറിയെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. ഇതേ തുടർന്നാണ് ജൂണിൽ ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ നിലപാട്.
മൊസാദിലെ ഉന്നതരുമായി ഒന്നിലേറെത്തവണ ബഹ്മൻ കൂടിക്കാഴ്ച നടത്തിയെന്നും ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക മുഖപത്രമായ മിസാൻ പറയുന്നു. അതീവ സുരക്ഷാപ്രാധാന്യമുള്ള ടെലി കമ്യൂണിക്കേഷൻ പദ്ധതികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്നും മിസാൻപറയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിലുൾപ്പടെ ബഹ്മൻറെ ഇടപെടലുകളുണ്ടായെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. വധശിക്ഷയ്ക്കെതിരെ ബഹ്മൻ അപ്പീൽ നൽകിയിരുന്നുവെങ്കിലും ഇറാൻ സുപ്രീം കോടതി ഇത് തള്ളുകയായിരുന്നു. തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.
ഇസ്രയേലിന് നിർണായക വിവരം ചോർത്തിയെന്നാരോപിച്ച് ഈ മാസം തൂക്കിലേറ്റപ്പെടുന്ന രണ്ടാമത്തെയാളാണ് ബഹ്മൻ. സെപ്റ്റംബർ 17ന് ബാബക് ഷഹ്ബാസിയെന്നയാളെയാണ് ഇറാൻ തൂക്കിലേറ്റിയത്. ഷഹ്ബാസിയെ ചെയ്യാത്ത കുറ്റത്തിനാണ് തൂക്കിലേറ്റിയതെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു.











