08:11am 22 October 2026
NEWS
അമേരിക്കൻ ഉപരോധത്തിനിടെ ഇറാന് വമ്പൻ ലോട്ടറി; 10,500 കോടി ഡോളർ മൂല്യമുള്ള പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി
24/08/2026  06:34 AM IST
nila
അമേരിക്കൻ ഉപരോധത്തിനിടെ ഇറാന് വമ്പൻ ലോട്ടറി; 10,500 കോടി ഡോളർ മൂല്യമുള്ള പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി

ടെഹ്റാൻ: അമേരിക്കൻ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഇറാന് ആശ്വാസമായി വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഏകദേശം 10,500 കോടി ഡോളർ മൂല്യമുള്ള 7.5 ട്രില്യൺ ക്യുബിക് അടി പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയത്. ഉയർന്ന ഗുണനിലവാരമുള്ള പ്രകൃതിവാതകമാണ് ഇവിടെ ലഭിച്ചതെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് അറിയിച്ചു.

ഇറാന്റെയും ലോകത്തിന്റെയും ഏറ്റവും വലിയ പ്രകൃതിവാതക പാടങ്ങളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ നിന്നുള്ള ഏകദേശം 15 വർഷത്തെ ഉൽപാദനത്തിന് തുല്യമാണ് പുതിയ കണ്ടെത്തലെന്ന് മന്ത്രി പറഞ്ഞു. ശേഖരത്തിലുള്ളതിൽ 5.7 ട്രില്യൺ ക്യുബിക് അടി വാതകം വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

പുതിയതായി കണ്ടെത്തിയ വാതകം ‘സ്വീറ്റ് ഗ്യാസ്’ വിഭാഗത്തിൽപ്പെടുന്നതാണ്. ഹൈഡ്രജൻ സൾഫൈഡ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുറവായതിനാൽ ഇത്തരം വാതകം ശുദ്ധീകരിക്കുന്നതിനും ഉൽപാദനത്തിനുമുള്ള ചെലവ് താരതമ്യേന കുറവായിരിക്കും. ഗ്യാസ് കോൺഡൻസേറ്റുകളുടെ വൻ ശേഖരവും പ്രദേശത്തുണ്ടെന്നാണ് റിപ്പോർട്ട്.

അമേരിക്കയും ഇസ്രായേലുമായുള്ള സംഘർഷത്തിനിടെ ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുകയും പ്രതിദിനം ഏകദേശം 230 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതക ഉൽപാദനം തടസ്സപ്പെടുകയും ചെയ്തിരുന്നു. തകരാറിലായ എണ്ണ-വാതക ഉൽപാദന സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ഇറാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രകൃതിവാതക ശേഖരത്തിന്റെ കണ്ടെത്തൽ.

സാമ്പത്തിക ഉപരോധവും ഊർജ മേഖലയിലെ പ്രതിസന്ധിയും നേരിടുന്ന ഇറാന് പുതിയ കണ്ടെത്തൽ തന്ത്രപ്രധാനമായ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img