12:26pm 17 April 2026
NEWS
സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡന്റ് നുണ പറയുകയാണെന്ന് ഇറാൻ
17/04/2026  10:15 AM IST
nila
സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡന്റ് നുണ പറയുകയാണെന്ന് ഇറാൻ

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ, ട്രംപിന്റെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി ഇറാൻ രം​ഗത്തെത്തി. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ച് ചർച്ചയോ ധാരണയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ട്രംപിന്റെ അവകാശവാദം നുണയാണെന്നാണ് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള ആണവ ഉത്പന്നങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. ട്രംപ് പറയുന്നത് നുണയാണെന്നും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ചാണ് തുടർ ചർച്ചകൾ ഉണ്ടാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അതായത് യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ പൂർണമായും തള്ളുകയാണ് ഇറാനിയൻ കേന്ദ്രങ്ങൾ.

ആണവായുധ പദ്ധതികൾ ഉപേക്ഷിക്കുകയും ആണവ സാമഗ്രികൾ കൈമാറുകയും ചെയ്യുന്നതിന് പുറമെ ഹോർമുസ് കടലിടുക്ക് തുറന്ന് നൽകുന്നതും  സമാധാന കരാറിന്റെ ഭാ​ഗമാകുമെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. കരാർ യാഥാർത്ഥ്യമാകുകയാണെങ്കിൽ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് ഒപ്പിടാൻ സാധ്യതയുണ്ടെന്നും അതിൽ താനും പങ്കെടുക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൽപര്യമില്ലെന്ന് പറഞ്ഞ ട്രംപ്, അതിനകം തന്നെ പ്രശ്നത്തിന് ഒരു പരിഹാരം കാണാമെന്ന പ്രതീക്ഷയും പങ്കുവെച്ചു. അതേസമയം, ഇറാൻ ഈ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം വീണ്ടും സൈനിക നടപടി ആരംഭിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകുന്നുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img