
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി (67) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് വിവരം പുറത്തുവിട്ടത്. ഇസ്ലാമിക വിപ്ലവത്തിനായി അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചു എന്നാണ് അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. ലാരിജാനിയോടൊപ്പം മകനും സഹായി അലി റസ ബയാത്തും കൊല്ലപ്പെട്ടു. നിരവധി അംഗരക്ഷകരും ആക്രമണത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു.
ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യഭരണം നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു ലാരിജാനിയെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ബാസിജ് ഫോഴ്സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ റെവല്യൂഷനറി ഗാർഡ് സ്ഥിരീകരിച്ചു.
ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ബാസിജ് കേന്ദ്രങ്ങൾ തകർത്തതിനു പിന്നാലെ താൽക്കാലിക ക്യാമ്പിൽ ഉണ്ടായിരുന്ന സുലൈമാനിയെയും ആക്രമണത്തിൽ വധിച്ചതായും ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ആളപായമോ ഗൗരവമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കി.











