11:00pm 28 October 2026
NEWS
ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ച് ഇറാന്റെ മിസൈൽ അഭ്യാസം
18/02/2026  06:20 AM IST
nila
ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ച് ഇറാന്റെ മിസൈൽ അഭ്യാസം

ഗൾഫ് മേഖലയിലെ നിർണായക കടൽപാതയായ ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ച് ഇറാൻ സൈനികാഭ്യാസം നടത്തി. അമേരിക്ക - ഇറാൻ ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് ഇറാന്റെ നിർണായക നീക്കം.  ഇറാനിൽ നിന്നു വിക്ഷേപിച്ച മിസൈലുകൾ കടലിലെ നിശ്ചിത ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചെന്നും സർക്കാറുമായി ബന്ധമുള്ള വാർത്താ ഏജൻസികൾ അറിയിച്ചു.

സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ എന്നിവയുടെ എണ്ണനീക്കത്തിന് നിർണായകമാണ് ഹോർമൂസ് കടലിടുക്ക്. ഗൾഫ് ഓഫ് ഒമാനെയും അറബിക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹോർമൂസ് കടലിടുക്കിന് വലിയ വാണിജ്യ - സൈനിക പ്രാധാന്യവുമുണ്ട്.. കപ്പൽഗതാഗത സുരക്ഷ മുൻനിർത്തിയാണ് ചൊവ്വാഴ്ച ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഇറാൻ മുൻകൂട്ടി അറിയിച്ചിരുന്നു.

യു.എസ് സൈനിക നടപടികളുടെ ഭീഷണി ഉയർന്നതിന് ശേഷം ആദ്യമായാണ് ഇറാൻ ഹോർമൂസ് ഭാഗികമായി അടയ്ക്കുന്നത്. അഭ്യാസങ്ങൾക്ക് നേതൃത്വം നൽകിയത് ഐആർജിസി നാവികസേനയാണ്. ഐആർജിസി കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പക്പൂർയുടെ മേൽനോട്ടത്തിലായിരുന്നു നീക്കങ്ങൾ. ഇതിനിടയിൽ ഇറാൻ–യു.എസ് രണ്ടാം ഘട്ട ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുകയാണ്. ഒമാനിൽ നടന്ന ആദ്യഘട്ട ചർച്ചയുടെ തുടർച്ചയായാണ് ജനീവയിലെ കൂടിക്കാഴ്ച.

അതേസമയം, മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ യു.എസ് പശ്ചിമേഷ്യയിലേക്ക് ശക്തമായ നാവിക വിന്യാസം തുടരുകയാണ്. സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം യുഎസ്എസ് എബ്രഹാം ലിങ്കൻ ഇതിനകം മേഖലയിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലുകളിലൊന്നായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ഉടൻ പശ്ചിമേഷ്യയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. യു.എസ് വിന്യാസത്തിന് മറുപടിയായാണ് ഹോർമൂസിലെ ഇറാന്റെ ശക്തിപ്രകടനമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img