12:23am 13 July 2026
NEWS
ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം
12/07/2026  11:40 AM IST
nila
ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണം അമേരിക്കയുടെ സമീപകാല സൈനിക നടപടികൾക്കുള്ള തിരിച്ചടിയാണെന്ന് ഇറാൻ വ്യക്തമാക്കി.

യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്. കുവൈറ്റിലെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം, യുഎസ് റഡാർ കേന്ദ്രം, വെടിമരുന്ന് ശാല എന്നിവ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ തങ്ങളുടെ വ്യോമപരിധിയിലേക്ക് എത്തിയ എല്ലാ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും എവിടെയും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ അറിയിച്ചു.

ഇറാനിലെ 140 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പുതിയ ആക്രമണം. ബന്ദർ അബ്ബാസ്, ബുഷെർ, സിറിക്, ചാബഹാർ തുടങ്ങിയ മേഖലകളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ വലിയ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൈനിക നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയുള്ള വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായത്. യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പ്രഖ്യാപിച്ചിരുന്നു. മുന്നറിയിപ്പുകൾ അവഗണിക്കുന്നവർക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img