
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. അമേരിക്ക ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് തുറക്കില്ലെന്ന നിലപാടാണ് ടെഹ്റാൻ സ്വീകരിച്ചിരിക്കുന്നത്.
ഹോർമുസ് അടച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനിൽ യുഎസ് മൂന്നാംഘട്ട വ്യോമാക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വ്യാപകവും തീവ്രവുമായ ബോംബാക്രമണമാണിതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണം നടന്ന കൃത്യമായ സ്ഥലങ്ങളെക്കുറിച്ച് യുഎസ് സൈന്യം ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ അസലുയെ, ഡെയ്ർ, ബുഷെഹർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു.
ഇതിനുമുമ്പ് അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച ഒരു കപ്പലിനെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) നാവികസേന തടഞ്ഞ് ആക്രമിച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച് മുന്നറിയിപ്പുകൾ അവഗണിച്ചാണ് കപ്പൽ സഞ്ചരിച്ചതെന്ന് ഐആർജിസി ആരോപിച്ചു. ആക്രമിക്കപ്പെട്ട കപ്പലിന്റെ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.
ഇറാനെതിരായ നടപടികൾ തുടർന്നാൽ അമേരിക്കയ്ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും തെഹ്റാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽഗതാഗതവും ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒമാനിലെത്തിയിരുന്നു. സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ചകൾ. എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ പ്രഖ്യാപനം.
ഈയാഴ്ച നടന്ന ആക്രമണ-പ്രത്യാക്രമണങ്ങൾക്കിടയിലും ചർച്ചകൾ തുടരാൻ യുഎസും ഇറാനും സമ്മതിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹോർമുസിലെ ബദൽപ്പാതയിലൂടെ സഞ്ചരിച്ച കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ ജൂൺ 17 മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ പ്രായോഗികമായി അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഒമാനിൽ നടക്കുന്ന ചർച്ചകളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവർ പങ്കെടുക്കുമെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ എണ്ണവിൽപ്പനയ്‌ക്കെതിരായ ഉപരോധ ഇളവുകൾ റദ്ദാക്കിയത് ഉൾപ്പെടെയുള്ള കരാർലംഘന നടപടികൾ പിൻവലിക്കാതെ പുതിയ ചർച്ചകൾക്ക് തയ്യാറാകില്ലെന്ന നിലപാടിലാണ് ഇറാൻ. അതേസമയം, സമാധാനശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രതിനിധിസംഘം ഇറാനിലെത്തി.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായും പ്രത്യേക ചർച്ച നടത്തി.










